| Tuesday, 24th September 2024, 7:23 pm

സഞ്ജു പുറത്ത് തന്നെ, കുറവ് റണ്‍സ് നേടിയിട്ടും ഇഷാന്‍ ടീമില്‍; റെസ്റ്റ് ഓഫ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌ക്വാഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈക്കെതിരെ നടക്കുന്ന ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിനെ നായകനാക്കിയും അഭിമന്യു ഈശ്വരനെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തഴയപ്പെടുകയായിരുന്നു. ധ്രുവ് ജുറെലും ഇഷാന്‍ കിഷനുമാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍.

രഞ്ജി ചാമ്പ്യന്‍മാരായ മുംബൈക്കെതിരെ അടുത്ത മാസം ഒന്ന് മുതല്‍ അഞ്ച് വരെയാണ് മത്സരം അരങ്ങേറുന്നത്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങിയത്. രണ്ട് മത്സരത്തിലാണ് താരം ഇന്ത്യ ഡിക്ക് വേണ്ടി വിക്കറ്റ് കാത്തത്. നാല് ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറി ഉള്‍പ്പെടെ 95.60 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അവസാന മത്സരത്തിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജു സെഞ്ച്വറി തികച്ചത്. 101 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറുമടക്കം 106 റണ്‍സാണ് സഞ്ജു നേടിയത്. പക്ഷേ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.

സഞ്ജുവിന് പകരം ടീമിന്റെ ഭാഗമാക്കിയ ഇഷാന്‍ കിഷന്‍ സഞ്ജുവിനോളം റണ്‍സ് നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും നറുക്ക് വീണത് മുംബൈ ഇന്ത്യന്‍സ് താരത്തിനാണ്.

നാല് ഇന്നിങ്‌സില്‍ നിന്നും 33.50 എന്ന ശരാശരിയിലും 79.28 സ്‌ട്രൈക്ക് റേറ്റിലും 134 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ്

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, ശാശ്വത് റാവത്ത്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സാരാംശ് ജെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, രാഹുല്‍ ചഹര്‍.

Content highlight: Rest Of India squad for Irani Trophy announced, Sanju Samson excluded

We use cookies to give you the best possible experience. Learn more