| Wednesday, 6th December 2017, 2:22 pm

ബാബറി മസ്ജിദ് പൊളിച്ചതില്‍ പശ്ചാത്തപിക്കുന്നു; പകരം 100 പള്ളികള്‍ പണിയുമെന്ന് ഇസ്‌ലാം മതം സ്വീകരിച്ച 3 കര്‍സേവകര്‍

എഡിറ്റര്‍

ന്യൂദല്‍ഹി: ബാബറി മസ്ജിദ് പൊളിച്ചതില്‍ പശ്ചാത്തപിക്കുന്നതായി പള്ളി തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മൂന്ന് കര്‍സേവകര്‍. ഇസ്ലാം മതം സ്വീകരിച്ച ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍ , ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ അഭിമാനമല്ല മറിച്ച് മാനസിക വേദനയാണുള്ളതെന്ന കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നത്.

പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി തങ്ങള്‍ മരിക്കുന്നതിന് മുമ്പ് 100 പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയോ പണിയുകയോ ചെയ്യുമെന്ന് ശപഥം ചെയ്ത ബല്‍ബീര്‍ സിങും യോഗേന്ദ്ര പാലും 40 പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.


Dont Miss ദക്ഷിണേഷ്യയിലെ 12 മില്യണ്‍ കുട്ടികളും വായുമലിനീകരണത്തിന്റെ ഇരകളെന്ന് യൂനിസെഫ് പഠനറിപ്പോര്‍ട്ട്


1992 ഡിസംബര്‍ 2 ന് മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു പാനിപ്പത്തില്‍ നിന്നുള്ള മുന്‍ ശിവസേന പ്രവര്‍ത്തകനായ ബല്‍ബീര്‍ സിങ്. പള്ളി തകര്‍ത്ത ശേഷം തന്റെ ജന്മനാടായ പാനിപ്പത്തില്‍ വന്‍ സ്വീകരണവും ലഭിച്ചു ഇദ്ദേഹത്തിന്. മാത്രമല്ല ബാബറി മസ്ജിദ് പൊളിച്ച ശേഷം ഇയാള്‍ കൊണ്ടു വന്ന രണ്ടു കല്ലുകള്‍ ഇപ്പോഴും പാനിപ്പത്തിലെ ശിവസേന ഓഫീസില്‍ സൂക്ഷിച്ചിട്ടുമുണ്ട്.

എന്നാല്‍ ഒരുകാലത്ത് അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രത്തിന് വേണ്ടി വാദിച്ച ഇയാള്‍ പിന്നീട് പശ്ചാത്താപം മൂലം ഇസ്ലാം സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ആമിര്‍ എന്നാണ് ബല്‍ബീര്‍ സിങ് ഇന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്ര പാല്‍ മുഹമ്മദ് ഉമറുമായി മാറി.

മുസ്ലിം പണ്ഡിതനായ മൗലാന കലീം സിദ്ധീഖിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതോടെയാണ് സിങില്‍ മാറ്റമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ മത പ്രഭാഷണങ്ങള്‍ കേട്ടതോടെ സിങില്‍ പരിവര്‍ത്തനമുണ്ടാവുകയും ഇസ്ലാം ആശ്ലേഷിക്കുകയുമായിരുന്നു.

പാനിപ്പത് വിട്ട സിങ്ങ് പിന്നീട് ഹൈദരാബാദിലേക്ക് ജീവിതം മാറ്റുകയും ഒരു മുസ്ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. മാത്രമല്ല ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കുന്നതിനായി ഒരു സ്‌കൂളുകളും അദ്ദേഹം ആരംഭിക്കുകയുണ്ടായി.

ബാബരി മസ്ജിദ് പൊളിക്കുന്നതിനായി 4000 കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയ അയോധ്യയിലെ മുന്‍ ബജ്റംഗ്്ദള്‍ പ്രവര്‍ത്തകനായ ശിവപ്രസാദിനും പിന്നീട് മനംമാറ്റം വന്നിരുന്നു.

1997 ല്‍ ഷാര്‍ജയിലേക്ക് ജോലി തേടിപോയ ഇദ്ദേഹം അവിടെവെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും മുഹമ്മദ് മുസ്തഫ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more