പ്രതികരണവുമായി അല്ലാഹു അക്ബര്‍ മുഴക്കിയ പെണ്‍കുട്ടി; 'ഹിജാബ് ധരിക്കുന്നതില്‍ പ്രിന്‍സിപ്പാളിന് പോലും പ്രശ്‌നമില്ല; കലാപമുണ്ടാക്കുന്നവര്‍ പുറമെ നിന്നും വന്നവര്‍, അവര്‍ വിദ്യാര്‍ത്ഥികള്‍ പോലുമല്ല'
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ നടത്തിയ ആക്രോശങ്ങള്‍ക്കിടെ അല്ലാഹു അക്ബര്‍ മുഴക്കിയ പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശിവമോഗ പി.യു കോളേജിലെ വിദ്യാര്‍ത്ഥിനിയായ മുസ്‌കന്‍ എന്ന പെണ്‍കുട്ടി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
‘ഞാന്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. ഞാന്‍ ബുര്‍ഖ ധരിച്ചതുകൊണ്ടു മാത്രം അവരെന്നെ അകത്ത് കയറാന് അനുവദിച്ചില്ല.
അവര്‍ ജയ്ശ്രീറാം മുഴക്കി എനിക്കു നേരെ വന്നു. അപ്പോള്‍ ഞാന്‍ അല്ലാഹു അക്ബര്‍ വിളിക്കാനും ആരംഭിച്ചു. പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും എന്റെയടുത്ത് വരികയും എന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
പ്രശ്‌നങ്ങളുണ്ടാക്കിയവരില്‍ ഭൂരിഭാഗം പേരും അവിടെ പഠിക്കുന്നവര്‍ പോലുമല്ല. എനിക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ പത്ത് ശതമാനം ആളുകള്‍ മാത്രമാണ് അവിടെ പഠിക്കുന്നവര്‍. മറ്റുള്ളവരെല്ലാം തന്നെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരുങ്ങി വന്നവര്‍ തന്നെയാണ്.
കഴിഞ്ഞ ആഴ്ച മുതലാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. ഹിജാബും ബുര്‍ഖയും തന്നെയായിരുന്നു ഞങ്ങള്‍ എപ്പോഴും ധരിക്കാറുണ്ടായിരുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കുകയും ക്ലാസിലെത്തിയാല്‍ അവ ഊരി മാറ്റുകയുമാണ് പതിവ്.
ഹിജാബ് ധരിക്കുന്നതില്‍ പ്രിന്‍സിപ്പാളിന് പോലും പ്രശ്‌നമുണ്ടായിരുന്നില്ല. പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ പുറത്തു നിന്നും വന്നവരാണ്. ഇത്തമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബുര്‍ഖയുമായി കോളേജിലേക്ക് വരണ്ട എന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ചിരുന്നു. അദ്ദേഹം ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
എനിക്ക് മുന്‍പേ എന്റെ അഞ്ചോളം സുഹൃത്തുക്കള്‍ ഹിജാബ് ധരിച്ച് കോളേജിലേക്കെത്തിയിരുന്നു. ഇതേ കാര്യം തന്നെയാണ് അവര്‍ക്കും സംഭവിച്ചത്. അവര്‍ കരയുകയായിരുന്നു.
എന്റെ ക്ലാസിലെ മറ്റ് കുട്ടികളും ഹിന്ദു വിദ്യാര്‍ത്ഥികളും എന്നെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോഴും കൈക്കൊണ്ടിരിക്കുന്നത്. ഇനിയും ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയാല്‍ പ്രതിഷേധം തുടരാന്‍ തന്നെയാണ് തീരുമാനം,’ മുസ്‌കന്‍ പറയുന്നു.
അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം സംഘര്‍ഷഭരിതമായ നിലയിലേക്ക് എത്തിയതോടെ പൊലീസും അധികൃതരും ഇടപെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവേ കോളേജിലെ ഹിജാബ് നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ചോദ്യം ചെയ്തു.
ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.
ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.
ഫെബ്രുവരി ആദ്യ വാരത്തില്‍ ഉഡുപ്പിയിലെ കുന്ദാപുരയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ സംഭവമാണ് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടക്കുന്ന സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.
Content Highlight: Response of the girl whom chanted Allah Akbar in Hijab row in Karnataka