ന്യൂദൽഹി: പിലിഭിത്തിൽ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി അമ്മ മനേകാ ഗാന്ധി. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സീറ്റ് നിഷേധിച്ചതിന് കാരണമെന്ന് മനേകാ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയെ വിമർശിച്ച നിരവധി പോസ്റ്റുകൾ വരുൺ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അത് മാത്രമാണ് അവന് സീറ്റ് നിഷേധിക്കാനുള്ള ഒരേയൊരു കാരണമായി ഞാൻ കാണുന്നത്,’ പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിൽ മനേക ഗാന്ധി പറഞ്ഞു.
വരുണിനു പകരം ജിതിൻ പ്രസാദിനെ കൊണ്ടുവന്നത് അമ്മയെന്ന നിലക്ക് തനിക്ക് വിഷമമായെന്നും മെയ് 25 ന് സുൽത്താൻപുരിയിൽ നടക്കുന്ന തന്റെ പ്രചാരണ പരിപാടിയിൽ വരുൺ എത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞു.
ഏപ്രിൽ 19 നാണ് പിലിഭിത്തിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ജിതിൻ പ്രസാദ, സമാജ്‌വാദി പാർട്ടിയുടെ ഭഗവന്ത് സരൺ ഗാംഗ്‌വാർ, ബഹുജൻ സമാജ് പാർട്ടിയുടെ അനീസ് അഹമ്മദ് ഖാൻ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുൺ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
ടിക്കറ്റ് നിഷേധിച്ചതിന് ശേഷം, പിലിഭിത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം വൈകാരികമായ ഒരു കത്ത് എഴുതിയിരുന്നു. അതിൽ മൂന്ന് വയസ്സുള്ളപ്പോൾ, 1983 ൽ ആദ്യമായി പിലിഭിത്തിൽ വന്നതിനെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നത്.
“ഇന്ന് ഈ കത്ത് എഴുതുമ്പോൾ എണ്ണിയാലൊടുങ്ങാത്ത ചില ഓർമ്മകൾ എന്നെ വികാരഭരിതനാക്കുന്നു . 1983-ൽ അമ്മയുടെ വിരലുകൾ പിടിച്ച് ആദ്യമായി പിലിഭിത്തിലെത്തിയ മൂന്ന് വയസ്സുള്ള ആ കൊച്ചുകുട്ടിയെ ഞാൻ ഓർക്കുന്നു. അന്നവനറിയില്ലായിരുന്നു ഈ ഭൂമിയും ഇവിടെയുള്ള ആളുകൾ അവൻ്റെ കുടുംബമായി മാറുമെന്ന്,” അദ്ദേഹം കത്തിൽ പറഞ്ഞു.
Content Highlight: response of maneka ghandhi