ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനത്തെ തടയുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ ചൊല്ലി നടത്തുന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പിണക്കങ്ങള്‍ ശക്തമാക്കുന്നു. സര്‍ക്കാരിന്റെ നടപടികളെ ചൊല്ലിയുള്ള മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും മറ്റ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണവും വ്യത്യസ്തമാവുന്നതുമാണ് തര്‍ക്കത്തിനുള്ള കാരണം.
കൊവിഡ് 19 മഹാമാരിയെ തടയുന്നതില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമശിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെങ്കില്‍ ജനത കര്‍ഫ്യൂ, ലോക്ഡൗണ്‍ എന്നിവയെ സ്വാഗതം ചെയ്യുന്ന നടപടിയാണ് പി. ചിദംബരം, അശോക് ഗെഹ്‌ലോട്ട്, അഹമ്മദ് പട്ടേല്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഹുല്‍ ഗാന്ധിയാവട്ടെ ജനത കര്‍ഫ്യൂവിനെയോ ലോക്ഡൗണിനെ കുറിച്ചോ അധികം സംസാരിച്ചതുമില്ല.
മോദി സര്‍ക്കാര്‍ മഹാമാരിയെ നേരിടുന്നതില്‍ കാണിച്ച വീഴ്ചകളെ മുന്‍നിര്‍ത്തി വിമര്‍ശനം നടത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ഫെബ്രുവരിയില്‍ തന്നെ കൊവിഡ് 19 രാജ്യത്ത് വന്നാലുള്ള ദുരിതത്തെ കുറിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചിരുന്നു. നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ശരിയായ ദിശയിലുള്ള ആദ്യത്തെ നീക്കം എന്നാണ് വിശേഷിപ്പിച്ചത്.
നരേന്ദ്ര മോദിയുടെ ജനത കര്‍ഫ്യൂവിനെ പരിഹസിക്കുകയാണ് രാഹുല്‍ ചെയ്തത്. ചെറുകിട, ഇടത്തരം കച്ചവടക്കാരെയും ദിവസക്കൂലിക്കാരെയും ആണ് മഹാമാരി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. അതിന് കൈകൊട്ടിയത് കൊണ്ടോ പാത്രം കൊട്ടിയത് കൊണ്ടോ കാര്യമില്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
എന്ത് കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ കിറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തില്ലെന്ന് മാര്‍ച്ച് 23ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാതിരിക്കെ വളരെ വൈകിയാണ് വെന്റിലേറ്ററുകളും മാസ്‌കുകളും കയറ്റുമതി ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
അതേ സമയം പി. ചിദംബരം, അശോക് ഗെഹ്‌ലോട്ട്, അഹമ്മദ് പട്ടേല്‍, ശശി തരൂര്‍ എന്നീ നേതാക്കളൊക്കെ മോദി സര്‍ക്കാരിന്റെ ജനത കര്‍ഫ്യൂവും ലോക്ഡൗണ്‍ എന്നീ നടപടികളെയൊക്കെ പിന്തുണക്കുകയാണ് ചെയ്തത്.
പഴയ പടക്കുതിരകളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ ഒന്നല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വളരെ വൈകാരികമായി തന്നെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കിയില്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.