| Thursday, 20th July 2023, 1:24 pm

നാല് പൊലീസുകാര്‍ എല്ലാം കണ്ടുകൊണ്ടിരുന്നു; അവര്‍ ഞങ്ങളെ സഹായിച്ചില്ല; മണിപ്പൂരിലെ സ്ത്രീകളുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: അക്രമികള്‍ തങ്ങളെ നഗ്നരാക്കി കൊണ്ടുപോകുന്നതിന് മണിപ്പൂര്‍ പൊലീസ് ദൃക്‌സാക്ഷികളായിരുന്നുവെന്ന് വീഡിയോയിലെ കുകി വനിതകള്‍. ഇതൊക്കെ കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ ദി വയറിനോട് വെളിപ്പെടുത്തി.

നാല് പൊലീസുകാര്‍ എല്ലാം കണ്ട് കാറിലിരിക്കുന്നുണ്ടായിരുന്നുവെന്നും അതിജീവിതകളിലൊരാള്‍ പറഞ്ഞു.

‘നാല് പൊലീസുകാര്‍ കാറിലിരുന്ന് എല്ലാം കാണുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ ഞങ്ങളെ രക്ഷിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ല,’ അതിജീവിത പറഞ്ഞു.

മെയ്തി ആള്‍ക്കൂട്ടം തങ്ങളുടെ ഗ്രാമമായ കാങ്‌പോക്‌യിലെ ബി ഫെയ്‌നം ഗ്രാമത്തിലേക്ക് വരുന്നതായി മെയ്തി വിഭാഗത്തിലെ ചിലര്‍ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ കുകി വിഭാഗക്കാര്‍ തങ്ങളുടെ ഗ്രാമം വിട്ട് പോകാറാണ് പതിവ്. എന്നാല്‍ കുകി വനിതകളുടെ കുടുംബങ്ങള്‍ ആള്‍ക്കൂട്ടത്തില്‍പ്പെട്ടു പോകുകയായിരുന്നുവെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ രണ്ടാമത്തെ അതിജീവിതയെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ അക്രമികള്‍ ഒന്നിനെ കുറിച്ചും ചിന്തിച്ചില്ല. അവര്‍ ഞങ്ങളെ കുറ്റിക്കാടുകളിലേക്ക് കൊണ്ടുപോയി. മൂന്ന് പേര്‍ എന്നെ പിടിച്ചുവെച്ചു, അതിലൊരാള്‍ ‘പീഡിപ്പിക്കേണ്ടവര്‍ ദയവായി കടന്ന് വരൂ’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു,’ അതിജീവിത പറഞ്ഞു.

അതേസമയം മെയ്തി വിഭാഗങ്ങള്‍ക്കിടയിലും തങ്ങളെ സഹായിച്ചവരുണ്ടെന്ന് രണ്ടാമത്തെ അതിജീവിത പറഞ്ഞു. ‘ചിലര്‍ ഞങ്ങളുടെ വസ്ത്രം അഴിക്കാന്‍ പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഞങ്ങളെ രക്ഷിക്കണമെന്നുണ്ടായിരുന്നു,’ അവര്‍ പറഞ്ഞു.

താന്‍ അക്രമത്തിനിരയായ സ്ത്രീകളെ കണ്ടുവെന്നും അവരുടെ അനുഭവങ്ങള്‍ കേട്ടുവെന്നും ഇന്‍ഡീജിനിയസ് ട്രൈബല്‍ ലീഡേര്‍സ് ഫോറം അംഗമായ ഗ്രേസി വയറിനോട് പറഞ്ഞു

അതേസമയം രണ്ട് സ്ത്രീകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിസംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. തൗബല്‍ ജില്ലയില്‍ നിന്നുമാണ് ഹെരദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയിരിക്കുന്നത്.

തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇരുവരെയും അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.

സംഭവ നടന്ന ദിവസം 800-1000 അക്രമികള്‍ ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ പ്രവേശിക്കുകയും വീടിന് തീവെക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നാണ് സംശയം.

കുറ്റവാളികള്‍ക്ക് വധ ശിക്ഷ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. മണിപ്പൂര്‍ കലാപത്തില്‍ ഇതാദ്യമായാണ് മോദി പ്രതികരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതിയും രംഗത്തെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്നുമാണ് കോടതി താക്കീത് നല്‍കിയിരിക്കുന്നത്.

CONTENT HIGHLIGHTS: responds of kuki women in recent incident

We use cookies to give you the best possible experience. Learn more