സാധ്യമായതെല്ലാം ചെയ്യും; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; മന്ത്രിതല സംഘം വയനാട്ടിലേക്ക്: മന്ത്രി കെ. രാജന്‍
Kerala News
സാധ്യമായതെല്ലാം ചെയ്യും; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; മന്ത്രിതല സംഘം വയനാട്ടിലേക്ക്: മന്ത്രി കെ. രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 8:21 am

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നര മുതല്‍ ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍. കേളു ഉള്‍പ്പെടെയുള്ള ഉന്നതതല മന്ത്രി സംഘം വയനാട്ടിലേക്ക് തിരിക്കുമെന്നും മന്ത്രി അറിയിച്ചു.

എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര കുടുംബങ്ങൾ ഒറ്റപ്പെട്ടു എന്നതിൻ്റെ കൃത്യമായ കണക്ക് ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിക്കുമെന്നും ഒരു സംഘം നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ തേടുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ സാധ്യതകളെ കുറിച്ച് എം.എല്‍.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃശൂരില്‍ നിന്ന് രണ്ട് എയര്‍ഫോഴ്‌സ് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിക്കുമെന്നും മന്ത്രി പറഞ്ഞു. എ.എല്‍..എച്ച്, എം117 തുടങ്ങിയ വിമാനങ്ങളാണ് വയനാട്ടില്‍ എത്തുക. വയനാട്ടിലെ എസ്.കെ.എം.ജെ സ്‌കൂളില്‍ ഹെലികോപ്റ്ററുകള്‍ ഇറക്കാനുള്ള സാധ്യത റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെ പൂര്‍ണമായി വയനാട്ടിലേക്ക് നിയോഗിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പരിശീലനം ലഭിക്കാത്തവരും വാര്‍ത്തകള്‍ കാണുന്നവരും വയനാട്ടിലേക്ക് തിരിക്കരുതെന്നും മന്ത്രി പറഞ്ഞു. വ്യാപകമായി റോഡിലും മറ്റും ഗതാഗത കുരുക്ക് ഉണ്ടായാല്‍ വയനാട്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തന സംഘത്തിന് അത് തടസമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ അറിവിലേക്ക് ആണെങ്കില്‍ കൂടി, ആളുകളെ ഭയപ്പെടുത്തും വിധത്തില്‍ സമൂഹ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സഹായം ലഭ്യമാകാത്തവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. പി.ആര്‍.ഡി വഴി നേരിട്ട് അതത് സമയത്ത് വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കുന്നതിനും എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിലവില്‍ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരെ ചികിത്സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.

Content Highlight: Responding to the Wayanad Mundakai landslide, Revenue Minister K. Rajan