ന്യൂദൽഹി: ‘ഓള്‍ ഐസ് ഓണ്‍ റഫ’ ഹാഷ്ടാഗില്‍ പ്രതികരിച്ച് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ ഹിജ ദി. ഫലസ്തീനിലെ ഗസയിലും റഫയിലുമായി ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ അവസാനിപ്പിക്കാന്‍ ഈ ഹാഷ്ടാഗ് സഹായിക്കുമെന്ന് അബു അല്‍ ഹിജ പറഞ്ഞു. ദി ക്വിറ്റിന് നല്‍കിയ പ്രതികരണത്തിലാണ് പരാമര്‍ശം.
ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനെ തങ്ങള്‍ പിന്തുണക്കുന്നു. ഇതില്‍ പങ്കുചേരാന്‍ ലോകത്തിലെ എല്ലാ മനുഷ്യരോടും ഫലസ്തീന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത മേഖലകളായി ഇസ്രഈല്‍ പ്രഖ്യാപിച്ച റഫയ്ക്കും അല്‍ മവാസിക്കും സമീപത്തുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഐ.ഡി.എഫ് നടത്തിയ കൂട്ടക്കൊല സാധാരണക്കാരെ പിഴുതെറിയുന്നതിലേക്ക് നയിച്ചു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരുമാണെന്നും അബു അല്‍ ഹിജ പറഞ്ഞു.
മെയ് 26ന് റഫയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 45 ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ വെന്തുമരിച്ചതിന് പിന്നാലെയാണ് നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായത്. ഒരുപക്ഷെ ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തവര്‍ പോലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമാണ്.
ലോകാരോഗ്യ സംഘടനയുടെ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഓഫീസ് ഡയറക്ടര്‍ റിക്ക് പീപ്പര്‍കോണ്‍ ഉപയോഗിച്ച വാക്കാണ് ഓള്‍ ഐസ് ഓണ്‍ റഫ എന്നത്. തുടര്‍ന്ന് ഈ വാക്ക് വ്യപകമായി പ്രചരിക്കുകയായിരുന്നു. ഇസ്രഈലിന്റെ പദ്ധതികള്‍ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്നും പീപ്പര്‍കോണ്‍ പറഞ്ഞിരുന്നു.
#AllEyesOnRafah എന്ന ഹാഷ്ടാഗോടുകൂടിയ ചിത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 ദശലക്ഷം തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കപ്പെടുകയും എക്സില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയും ചെയ്തു. ഈ ചിത്രം എ.ഐ നിര്‍മിതമെന്നാണ് വിലയിരുത്തല്‍.