| Tuesday, 6th June 2023, 8:47 pm

അമല്‍ജ്യോതിയിലെ സമരം തത്പര കക്ഷികളുടെ അജണ്ടയുടെ ഭാഗം: കാഞ്ഞിരപ്പള്ളി അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം; രണ്ട് ദിവസമായി അമല്‍ജ്യോതി എന്‍ജിനീയറിങ് ക്യാംപസില്‍ നടക്കുന്ന സമരം ചില തത്പര കക്ഷികളുടെ അജണ്ടയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത. ഒരുപാട് പേര്‍ ക്യാംപസില്‍ കയറിയിറങ്ങി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും കോളേജിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്ന് രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.

അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മാനേജ്‌മെന്റിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം ഇറക്കിയ വീഡിയോയില്‍ പറഞ്ഞു. ശ്രദ്ധ മരിക്കുന്നതിന് തലേദിവസമാണ് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം ഇറങ്ങിയതെന്നും 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നെന്നും മണ്ണംപ്ലാക്കല്‍ പറഞ്ഞു.

‘തിങ്കളും ചൊവ്വയുമായി കോളേജ് ക്യാംപസില്‍ ചില തത്പര കക്ഷികളുടെ അജണ്ട നടപ്പാക്കത്തക്ക വിധത്തില്‍ ഒരുപാട് പേര്‍ കയറി ഇറങ്ങി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും കോളേജിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന വളരെ വിഷമം പിടിച്ച സാഹചര്യമാണ് കാണുന്നത്. ഇതിനെ നശിപ്പിക്കാന്‍ വേണ്ടി ചില തത്പര കക്ഷികള്‍ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നു.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന് വീഴ്ച പറ്റിയിട്ടില്ല. സെമസ്റ്റര്‍ റിസള്‍ട്ടില്‍ 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു.

ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഫോണ്‍ പിടിച്ചുവെച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടില്‍ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായിരുന്നില്ല.

ഈ അവസരത്തില്‍ എല്ലാവരോടും അപേക്ഷിക്കാനുള്ളത് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലേക്കെത്തി കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ളത് എല്ലാവരുടെയും ആവശ്യമാണ്. ഒരു കുഞ്ഞിനും നമ്മുടെ നാട്ടില്‍ ഇങ്ങനൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. അന്വേഷണ ഏജന്‍സികളും സര്‍ക്കാരും എല്ലാം ചേര്‍ന്ന് ഇതിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്നുള്ളത് കണ്ടെത്തണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രദ്ധയുടെ മരണം മാനേജ്‌മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ന് നടത്തിയ സമരത്തില്‍ പൊലീസ് ലാത്തി വീശിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

‘മാനേജ്‌മെന്റ് ഒന്നും പറയുന്നില്ല. രണ്ട് കമ്മിറ്റി രൂപീകരിച്ചെന്ന് പറഞ്ഞു. ആശുപത്രിയില്‍ ചെന്ന് ഡോക്ടറോട് കൃത്യമായ വിവരം പറഞ്ഞു. പക്ഷേ ബാക്കിയുള്ളവരോടെല്ലാം കുഴഞ്ഞ് വീണു മരിച്ചെന്ന് പറഞ്ഞു. അതെന്താ അങ്ങനെ. ആ കുട്ടി മരിച്ചതിന്റെ സ്റ്റോറി ഇട്ടത് വരെ അവര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ കോളേജിന്റെ പേര് പോകും അതുകൊണ്ട് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു,’ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിലേക്ക് വിളിച്ച് വിദ്യാര്‍ത്ഥികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തൂങ്ങിയ വിവരം പറയാതെ കുഴഞ്ഞു വീണതാണെന്ന കള്ളമാണ് അധ്യാപിക പറഞ്ഞതെന്ന ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുകയാണെന്ന ഇ മെയില്‍ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഹോസ്റ്റല്‍ ഒഴിയാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

ജൂണ്‍ രണ്ടിനാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.

വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

CONTENT HIGHLIGHT: RESPOND OF KANJIRAPPALLI ARCHIDIOCESE IN AMALJYOTHI INCIDENT

We use cookies to give you the best possible experience. Learn more