തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വിധി അംഗീകരിക്കുന്നെന്ന് ദേവസ്വം ബോര്‍ഡും വിധി സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചപ്പോള്‍ കോടിക്കണക്കിന് ഭക്തരെ ദുഖത്തിലാക്കുന്ന വിധിയാണ് ഇതെന്നായിരുന്നു മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. വിധി ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളെയടക്കം ബാധിക്കുന്നതാണെന്നും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ ഈശ്വറും പ്രതികരിച്ചിരുന്നു.
വിവിധ പ്രതികരണങ്ങളിലൂടെ..
ചരിത്രപരമായ വിധി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ചരിത്രപരമായ വിധിയാണ് ഇത്. വിധി സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്. ചില പ്രശ്‌നങ്ങളുണ്ടാവാം. എന്നാല്‍ നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. ജനങ്ങള്‍ നിയമവാഴ്ചയോട് സമരസപ്പെടുമെന്നാണ് കരുതുന്നത്.
വിധി അംഗീകരിക്കുന്നു; ദേവസ്വം ബോര്‍ഡ്
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അംഗീകരിക്കുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. യഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. “”കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനാണ്. പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ട് ഈ വിധി നടപ്പിലാക്കാനുള്ള സംവിധാനം സ്വീകരിക്കും. വിധിയില്‍ നിരാശയില്ല.
ഒരു തരത്തില്‍ പറഞ്ഞാല്‍ തങ്ങള്‍ സന്തോഷത്തിലാണ്. ശബരിമലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് പരഹരിക്കാന്‍ കഴിഞ്ഞെന്നും തങ്ങള്‍ക്ക് അതിനു കഴിയുമെന്ന് ഉള്ളതുകൊണ്ട് അയ്യപ്പന്‍ തങ്ങളെ ചുമതലപ്പെടുത്തിയെന്നു മാത്രമാണ് കരുതുന്നത്.
ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് അടുത്തിടെയുണ്ടായ പ്രളയം വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് ശബരിമലയില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിനു കഴിഞ്ഞു. ഇപ്പോള്‍ സ്ത്രീ പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ഇതുപോലുള്ള ഗൗരവമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് അയ്യപ്പന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് തങ്ങളെ ഇതിന് ചുമതലപ്പെടുത്തിയതെന്നാണ് താന്‍ വിശ്വസിക്കുന്നത്.
കോടിക്കണക്കിന് ഭക്തരെ ദുഖത്തിലാക്കുന്ന വിധി: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കോടിക്കണക്കിന് ഭക്തരെ ദുഖത്തിലാക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
കോടതിയേയും ഭരണഘടനയേയും അംഗീകരിക്കുന്നൊരാള്‍ എന്ന നിലയില്‍ തന്നെ കോടതി വിധി അംഗീകരിക്കുന്നു എന്നു പറയുന്നതിനൊപ്പം മതേതര രാജ്യമായ ഭാരതത്തില്‍ വിശ്വസിക്കുന്ന മതത്തിന്റെ, അതേത് മതമാണെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ആ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കേണ്ടത് സുപ്രിം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിധിയെ സംബന്ധിച്ച് റിവ്യു പെറ്റീഷന്‍ കൊടുക്കുകയാണ്. ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്തും ഈ കേസിനെ സംബന്ധിച്ച് അഫിഡവിറ്റ് കൊടുത്ത സന്ദര്‍ഭത്തിലും എല്ലാം പറഞ്ഞിരുന്നതാണ്, ഇപ്പോഴും പറയുന്നു.
ഇതര മതങ്ങളിലെ ആചാര്യന്മാരായും മേലധ്യക്ഷന്മാരുമായും ഉന്നതന്മാരുമായും മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാക്കവാനും ആ കൂട്ടായ്മയിലൂടെ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ അയ്യപ്പ ഭക്തര്‍ എന്ന നിലയില്‍ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
വിധി ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളെയടക്കം ബാധിക്കുന്നത്: രാഹുല്‍ ഈശ്വര്‍
ശബരിമലയുമായി ബന്ധപ്പെട്ട വിധി ഹിന്ദു മതത്തെ മാത്രമല്ല, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളെയടക്കം ബാധിക്കുന്നതാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
“”ആര്‍ട്ടിക്കിള്‍ 25 ല്‍ വെള്ളം ചേര്‍ക്കപ്പെടാതിരിക്കാന്‍ സമാനമായി ചിന്തിക്കുന്ന ആള്‍ക്കാരോട് ഒരുമിച്ച് ചേര്‍ന്ന് പ്രമുഖ സംഘടനകളെ അടക്കം അണിനിരത്തി സുപ്രീം കോടതിയില്‍ ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ റിവ്യു പെറ്റീഷന്‍ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതെല്ലാം മത സമുദായങ്ങളേയും, അവരുടെ പള്ളികളേയും ആരാധാനാലയങ്ങളെയും എല്ലാം ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് അവരുടെ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനുവേണ്ടി ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ക്കും ഇത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അവരെയെല്ലാം ഈ വിഷയത്തില്‍ ഒപ്പം നിര്‍ത്തും.
പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത്. ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ല. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണ്.
ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമുണ്ട്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും.
വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍: ചെന്നിത്തല
സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കോടതി വിധി പഠിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം
അഭിമാനിക്കാവുന്ന വിധി: ജി. സുധാകരന്‍
ശബരിമലയില്‍ സത്രീ പ്രവേശനം അനുവദിച്ചത് മാനവ സമൂഹത്തോടും ഭരണഘടനയോടും കാണിച്ച നീതിയാണെന്ന് മന്ത്രി ജി. സുധാകരന്‍. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന വിധിയാണിത്. ദേവസ്വം ബോര്‍ഡ് യാഥാസ്ഥിതികമായി രൂപീകരിച്ചിട്ടുള്ള ഒന്നാണ്. അതില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
സമന്വയത്തിന്റെ സമീപനം സ്വീകരിക്കണം- ബി.ജെ.പി
ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം ആരാധനാക്രമമുണ്ട്. അതിനെ വലിച്ചെറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
“” വിശ്വാസത്തെ സംബന്ധിച്ച് പരമ പ്രാധാന്യം നല്‍കേണ്ടത് വിശ്വാസങ്ങള്‍ക്കാണെന്ന് ജസ്റ്റിസുമാരില്‍ ഒരാളായ ഇന്ദു മല്‍ഹോത്ര പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കണം. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം ബിജെപിയുടെ ഔദ്യോഗിക നിലപാട് അറിയിക്കും.
പന്തളം രാജകുടുംബവും തന്ത്രിമാരും അടക്കമുള്ളവരോട് ആലോചിച്ച് തീരുമാനമെടുക്കണം. ദൈവവിശ്വാസം ഇല്ലാത്ത ഭരണകൂടം അവസരത്തെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. സമന്വയത്തിന്റെ അന്തരീക്ഷമുണ്ടാകണം. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന പ്രകോപനരമാണ്. ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനുള്ള സി.പി.ഐ.എം ശ്രമം അനുവദിക്കില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് “ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍” സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളാ അഞ്ചംഗ ബെഞ്ചില്‍ നാലു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഇന്ദു മല്‍ഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങള്‍ മതത്തിനും തന്ത്രികള്‍ക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.
ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.
ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ല്‍ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, “റെഡി ടു വെയ്റ്റ്”, അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹര്‍ജിക്കാര്‍ക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍, “ഹാപ്പി ടു ബ്ലീഡ്” സംഘടന തുടങ്ങിയവര്‍ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു.
സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നുവന്ന ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.