ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മായാവതിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലക്‌നൗവില്‍ വാര്‍ത്താസമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “യു.പി പലപ്പോഴും പ്രധാനമന്ത്രിയെ നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രധാനമന്ത്രി കൂടി ഇവിടെ നിന്നുണ്ടാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ” എന്നാണ് മായാവതിയെ പ്രധാനമന്ത്രിയാക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അഖിലേഷ് പറഞ്ഞത്.
മായാവതിയെ അനാദരിക്കുന്നത് തന്നെ അനാദരിക്കുന്നതിനു തുല്യമാണെന്നും അഖിലേഷ് പറഞ്ഞു. ” മായാവതിജിയെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് എന്റെ മനസിലുദിച്ചതാണ് ഈ സഖ്യം. ആ നേതാക്കളെ ശിക്ഷിക്കുന്നതിനു പകരം ബി.ജെ.പി അവര്‍ക്ക് വലിയ മന്ത്രി സ്ഥാനം നല്‍കി. ഇന്നു മുതല്‍ എല്ലാ സമാജ്‌വാദി പ്രവര്‍ത്തകരും അറിയേണ്ട ഒരു കാര്യമുണ്ട്. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും.” അഖിലേഷ് പറഞ്ഞു.
25 വര്‍ഷത്തിനുശേഷമാണ് യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല ഈ സഖ്യമെന്ന് മായാവതി പറഞ്ഞു. യു.പി തെരഞ്ഞെടുപ്പിലും തങ്ങള്‍ ഒരുമിച്ചു തന്നെ മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
“1993ല്‍ അന്നത്തെ ബി.എസ്.പി അധ്യക്ഷന്‍ കാന്‍ഷി റാമും മുലായാം സിങ് യാദവും യു.പി തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുകയും വിജയിക്കുകയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്കറുടെ കാലടികള്‍ പിന്തുടര്‍ന്ന് അന്നത്തെ ഫലം ഇത്തവണ കൊണ്ടുവരാനാണ് ബി.എസ്.പി തീരുമാനിച്ചിരിക്കുന്നത്.” എന്നുപറഞ്ഞാണ് മായാവതി വാര്‍ത്താസമ്മേളനം തുടങ്ങിയത്.