പാകിസ്ഥാനുമായി സമാധാന ചര്‍ച്ച വേണം, നമ്മുടെ കയ്യില്‍ മാത്രമല്ല അവരുടെ കയ്യിലും ആറ്റം ബോംബുണ്ട്: മണി ശങ്കര്‍ അയ്യര്‍
India
പാകിസ്ഥാനുമായി സമാധാന ചര്‍ച്ച വേണം, നമ്മുടെ കയ്യില്‍ മാത്രമല്ല അവരുടെ കയ്യിലും ആറ്റം ബോംബുണ്ട്: മണി ശങ്കര്‍ അയ്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 12:52 pm

ന്യൂദല്‍ഹി: പാകിസ്ഥാന്‍ പരമാധികാര രാഷ്ട്രമാണെന്നും അവരുമായി ഇന്ത്യ ചര്‍ച്ചക്ക് തയ്യാറാവണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യയുടെ പക്കല്‍ മാത്രമല്ല പാകിസ്ഥാന്റെ പക്കലും അണുബോംബുകളുണ്ടെന്നും, ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അവര്‍ക്കും സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഏപ്രില്‍ 15 ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. പാകിസ്ഥാന്‍ ഒരു പരമാധികാര രാഷ്ട്രമാണ്. അവരുമായി ചര്‍ച്ചക്ക് തയ്യാറാകണം. പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബുണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു ഭ്രാന്തന് ലാഹോറിന് മുകളില്‍ ബോംബ് വര്‍ഷിക്കാന്‍ തോന്നിയാല്‍ അതിന്റെ റേഡിയേഷന്‍ അമിത്സറിലെത്താന്‍ 8 സെക്കന്റ് പോലും വേണ്ടിവരില്ല. സ്വന്തം സൈനിക ശേഷി വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന സമയം സമാധാനത്തോടെയുള്ള സംസാരങ്ങള്‍ക്ക് തയ്യാറാകണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. അത് രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി ബന്ധപ്പെടാന്‍ ഒരു ശ്രമവും ഇന്ത്യയുടെ ഭാഗത്തു നിന്നും നടന്നിട്ടില്ലെന്നും, ഇന്ത്യ ഒരു ആഗോള രാഷ്ട്രമാകുന്നതിന് പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഏതൊരു ഭീകരനെയും വധിക്കാന്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നിരവധി ബി.ജെ.പി നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം.

അതേസമയം മണി ശങ്കര്‍ അയ്യരെ രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ സ്‌നേഹം ഒരിക്കലും അവസാനിക്കില്ലെന്ന് പറഞ്ഞു. ‘പാകിസ്ഥാനോടുള്ള കോണ്‍ഗ്രസിന്റെ സ്‌നേഹം പഴയതാണ്. പുല്‍വാമ, പൂഞ്ച് ആക്രമണങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കളും പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം തീവ്രവാദികളെ അയക്കുന്നവന്‍ മാന്യന്മാരാണ്,’എന്നായിരുന്നു ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനവല്ലയുടെ പ്രതികരണം. ഈ ചിന്ത മണിശങ്കര്‍ അയ്യരുടേതു മാത്രമല്ലെന്നും മുഴുവന്‍ കോണ്‍ഗ്രസുകാരുടേതുമാണെന്നും പൂനവല്ല പ്രതികരിച്ചു.

മണിശങ്കര്‍ അയ്യര്‍ എവിടെയെങ്കിലും ചികിത്സ തേടണമെന്ന് ബി.ജെ.പി എം.പി രവി കിഷന്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ഇന്ത്യയല്ല. ഇപ്പോള്‍ ഇന്ത്യ വളരെ ശക്തമാണെന്നും ഇത് മോദിയുടെ ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Respect Pakistan…They Have Atom Bomb’: Mani Shankar Aiyar Triggers Massive Row, BJP Lambasts Congress