| Saturday, 28th March 2020, 11:07 am

കൊവിഡ് 19; കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ലേബര്‍ കമ്മീഷണര്‍ക്ക് റിസോഴ്‌സ് അധ്യാപകരുടെ നിവേദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റിസോഴ്‌സ് അധ്യാപകര്‍ക്ക് 12 മാസത്തേക്കുള്ള തുകയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ കമ്മീഷണര്‍ക്ക് നിവേദനം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റിസോഴ്‌സ് അധ്യപകരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം.

സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട റിസോഴ്‌സ് അദ്ധ്യാപകരാണ് നിവേദനവുമായി രംഗത്തെത്തിയത്. എം.എച്ച്.ആര്‍.ഡി യുടെ മാനദണ്ഡപ്രകാരം 12 മാസത്തെ കരാര്‍ ആണ് ഇവര്‍ക്ക് അനുവദിച്ച് കൊടുക്കാറുളളത്.

20 വര്‍ഷത്തോളം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ആകെ 2068 പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഈ വര്‍ഷവും 12 മാസത്തേക്ക് എം.എച്ച്.ആര്‍.ഡി തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ 2019- 20 വര്‍ഷം ജൂണ്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 10 മാസത്തേക്കാണ് റിസോഴ്‌സ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.

ഇത് പ്രകാരം അധ്യാപകരുടെ കരാര്‍ കാലാവധി ഈ മാസം 31 ന് അവസാനിക്കുകയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാന ലേബര്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ 2020 മേയ് 30വരെ ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന് അടിയന്തിരമായി സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ക്ക് ആവശ്യമായ ഉത്തരവു നല്‍കി കരാര്‍ ജീവനക്കാരായ ഞങ്ങളുടെ കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

പൊതുവിദ്യാലയങ്ങളില്‍ റിസോഴ്സ് അധ്യാപകരുടെ പ്രവര്‍ത്തനകാലാവധി വെട്ടിച്ചുരുക്കിയിരുന്നു. കേന്ദ്ര മാനവശേഷി വകുപ്പില്‍നിന്ന് ലഭിച്ച രേഖപ്രകാരം റിസോഴ്സ് അധ്യാപകര്‍ക്ക് നല്കാനായി ഫണ്ട് അനുവദിച്ചിരിക്കുന്നത് 11 മാസത്തേക്കാണ്.

നിവദേനത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട ലേബര്‍ കമ്മീഷണര്‍, കേരളം

സര്‍,
വിഷയം: കരാര്‍ ജീവനക്കാരായ റിസോഴ്‌സ് അധ്യാപകരുടെ കരാര്‍ ദീര്‍ഘിപ്പിച്ച്‌നല്‍കുന്നത് സംബന്ധിച്ച്

സൂചന :1 ഇ.എന്‍.എഫ് 4113/2020 ലേബര്‍ കമ്മീഷണറുടെ കാര്യാലയം, സര്‍ക്കുലര്‍ നമ്പര്‍ 11/2020 തിരുവനന്തപുരം,തിയ്യതി 24/3/2020

(2)7/2020 തിയ്യതി 11/03/20
(3)10/2020 തിയ്യതി 19/03/2020

സൂചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട റിസോഴ്‌സ് അദ്ധ്യാപകരാണ് ഞങ്ങള്‍ .എല്ലാ വര്‍ഷവും
എം.എച്ച്.ആര്‍.ഡി യുടെ മാനദണ്ഡപ്രകാരം 12 മാസത്തെ കരാര്‍ ആണ് ഞങ്ങള്‍ക്ക് അനുവദിച്ച് തരാറുളളത്.20 വര്‍ഷത്തോളം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ആകെ 2068 പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്..ഈ വര്‍ഷവും 12 മാസത്തേക്ക് എം.എച്ച്.ആര്‍.ഡി തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ 2019- 20 വര്‍ഷം ഞങ്ങളെ ജൂണ്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 10 മാസത്തേക്കാണ് നിയമിച്ചിട്ടുള്ളത്. ഞങ്ങളുടെ കരാര്‍ കാലാവധി ഈ മാസം 31ന്അവസാനിക്കുകയാണ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാന ലേബര്‍ കമ്മീഷന്‍ പുറപ്പെടുവിച്ച മേല്‍ സൂചനകള്‍ പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കരാര്‍ 2020 മേയ് 30വരെ ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന് അടിയന്തിരമായി സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ക്ക് ആവശ്യമായ ഉത്തരവു നല്‍കി കരാര്‍ ജീവനക്കാരായ ഞങ്ങളുടെ കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണമെന്ന് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) ഒന്‍പതുമാസവും 15 ദിവസത്തേക്കുമാണ് റിസോഴ്സ് അധ്യാപകരെ നിയമിച്ചത്. മുന്‍വര്‍ഷങ്ങളില്‍ 12 മാസത്തോളം റിസോഴ്സ് അധ്യാപക സേവനം ലഭ്യമായിരുന്നു.

റിസോഴ്സ് അധ്യാപകരില്‍ ഒരാള്‍ നല്‍കിയ വിവിരാവകാശ അപേക്ഷയിലാണ് 2018-19 വര്‍ഷം 11 മാസത്തേക്ക് എസ്.എസ്.കെ.ക്ക് ഫണ്ട് അനുവദിച്ചത് വ്യക്തമായത്.

സമഗ്ര ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍.എം.എസ്.) ഒന്നിച്ച് എസ്.എസ്.കെ. ആയതോടെയാണ് സേവനകാലാവധി വെട്ടിച്ചുരുക്കിയതെന്നാണ് റിസോഴ്സ് അധ്യാപകരുടെ ആക്ഷേപം.

പ്രവര്‍ത്തനകാലാവധി കുറച്ചെങ്കിലും കിട്ടിയ ഫണ്ട് പത്തുമാസം കണക്കാക്കി വീതിച്ച് നല്കിയതായാണ് എസ്.എസ്.കെ. അധികൃതരുടെ വിശദീകരണം. കേന്ദ്രം കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് അനുവദിച്ച വിഹിതത്തില്‍ കുറവുണ്ടായിരുന്നതായും എസ്.എസ്.കെ. വ്യക്തമാക്കി.

എന്നാല്‍ ഈ വാദം ശരിയല്ലെന്ന് റിസോഴ്സ് അധ്യാപകര്‍ പറയുന്നു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി നിയമനം ലഭിച്ചിരുന്നപ്പോള്‍ സെക്കന്‍ഡറി വിഭാഗത്തിന് മാസം 28,815 രൂപ ശമ്പളം കിട്ടിയിരുന്നു. ഏപ്രില്‍ 15-ഓടെ കരാറും പുതുക്കി നല്കിയതായും പറയുന്നു.

ഏപ്രില്‍ മുതല്‍ റിസോഴ്‌സ് അധ്യാപക സേവനം ലഭ്യമാക്കുകയാണെങ്കില്‍ വരുന്ന അക്കാദമിക് വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കും സഹായകരമാകുമായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ ഒന്നരലക്ഷത്തോളം ഭിന്നശേഷി വിദ്യാര്‍ഥികളുണ്ട്. ഇവര്‍ക്കായാണ് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നത്.

മാര്‍ച്ചില്‍ അവസാനിക്കുന്ന കരാര്‍ ഇപ്പോള്‍ ജൂണ്‍ 15-ഓടെ മാത്രമാണ് പുതുക്കിനല്കുന്നത്. ശമ്പളം 25,000 രൂപയായി കുറയ്ക്കുകയും ചെയ്തു. എലമെന്ററി വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചതാണ് സെക്കന്‍ഡറി അധ്യാപരുടെ ശമ്പളം കുറച്ചതിന് ന്യായമായി പറയുന്നത്.

ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more