| Friday, 8th March 2019, 8:30 am

ആദ്യം വെടിവെച്ചത് പൊലീസ്: മാവോയിസ്റ്റുകളെത്തിയ വിവരം അറിയിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍: പൊലീസിന്റെ വാദം പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വൈത്തിരിയിലെ പൊലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറയുന്നത്. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണെന്നും പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

Read Also : മാവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയെന്ന് സഹോദരന്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യം

അന്‍പതിനായിരം രൂപയും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ട സംഘം മാന്യമായാണ് പെരുമാറിയതെന്നും വിനോദസഞ്ചാരികളെത്തിയപ്പോള്‍ കൗണ്ടറില്‍ നിന്ന് ഇവര്‍ മാറിനിന്നെന്നും ജീവനക്കാര്‍ പറയുന്നു.

ഇതോടെ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന സഹോദരന്‍ സി.പി റഷീദിന്റെ ആരോപണം ശരിവെച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നായിരുന്നു റഷീദ് പറഞ്ഞത്.

“റിസോര്‍ട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഇവര്‍ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.” എന്നായിരുന്നു സി.പി. റഷീദ് പറഞ്ഞത്.

ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് ഭാഷ്യം.

അതേസമയം മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.

We use cookies to give you the best possible experience. Learn more