| Tuesday, 8th March 2022, 11:53 am

വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിനൊരുങ്ങി കോണ്‍ഗ്രസ്; എം.എല്‍.എമാരെ 'കൊത്തിക്കൊണ്ട് പോവാതിരിക്കാന്‍' മുന്നൊരുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ‘റിസോര്‍ട്ട് രാഷ്ട്രീയ’ത്തിന് കോപ്പുകൂട്ടി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ മേല്‍ പ്രത്യേകിച്ച് ഒരു കണ്ണുവെക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.

മാര്‍ച്ച് പത്തിന് വേട്ടെണ്ണാനിരിക്കെയാണ് കോണ്‍ഗ്രസ് ‘പഴയ തന്ത്രം’ പൊടി തട്ടിയെടുത്തിരിക്കുന്നത്.

2017ല്‍ ഗോവയില്‍ നടന്നതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലെത്തിക്കുന്നതുമായി മുന്നോട്ട് പോവുന്നത്. 2017ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയത് എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതിനാലാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂറുമാറില്ല എന്ന് എം.എല്‍.എ സ്ഥാനാര്‍ത്ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചിരുന്നു. എന്നാല്‍ അവര്‍ ചെയ്ത സത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുണ്ടു റാവുവും ഗോവയുടെ ചുമതലയുള്ള പി. ചിദംബരവും ഞായറാഴ്ച മുതല്‍ തന്നെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

‘ഇത്തവണ തീരുമാനങ്ങള്‍ പെട്ടന്ന് തന്നെ എടുക്കും. ഞങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികളെയും ചെന്ന് കാണുകയും അവര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഞങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി എത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താല്‍ എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും,’ ഗുണ്ടു റാവു പറഞ്ഞു.

സംസ്ഥാനത്ത് നിന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ മറ്റുപാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും മറ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഫലം വന്നതിന് ശേഷം പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥകള്‍ വിലയിരുത്താനും പോസ്റ്റ് പോള്‍ തന്ത്രങ്ങള്‍ മെനയാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു.

‘ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. അഥവാ ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാവുകയാണെങ്കില്‍ ബി.ജെ.പി ഇതര പാര്‍ട്ടിയുമായി കൈകോര്‍ക്കാനും ഞങ്ങള്‍ തയ്യാറാണ്,’ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനായ ഗിരീഷ് ചൗദാങ്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഇതേ സ്ഥിതിവിശേഷം ഉത്തരാഖണ്ഡിലുമുണ്ടാവുകയാണെങ്കില്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി നിയോഗിച്ചിരിക്കുന്നത്.

മാര്‍ച്ച് പത്തിന് ഫലം വരുന്നതോടെ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തേക്കാള്‍ കഠിനകരം എം.എല്‍.എമാര്‍ ചാടിപ്പോവാതെ നോക്കലാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Content Highlight:  Resort politics back again as Congress makes grand plans to safeguard new Goa MLAs from poaching

We use cookies to give you the best possible experience. Learn more