| Wednesday, 16th May 2018, 3:10 pm

ഗുജറാത്തില്‍ ബി.ജെ.പിക്ക് പണികൊടുത്ത 'റിസോര്‍ട്ട് രാഷ്ട്രീയം' കര്‍ണാടകയിലും; ചുക്കാന്‍ പിടിക്കുന്നത് അതേ ഡി.കെ ശിവകുമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: അത്യന്തം നാടകീയത നിറഞ്ഞ കര്‍ണാടക രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ കുതിരകച്ചവടത്തില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ സംരക്ഷിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത് ബി.ജെ.പിയുടെ എക്കാലത്തേയും ശത്രുവായ ഡി.കെ ശിവകുമാര്‍ എന്ന  കോണ്‍ഗ്രസ് നേതാവ്. എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഡി.കെ ശിവകുമാറിനെ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.

നിര്‍ണ്ണായകമായ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ ഒന്നൊന്നായി ബി.ജെ.പി പക്ഷത്തേക്ക് ഒഴുകിയതോടെ ശേഷിക്കുന്നവരെ കോണ്‍ഗ്രസില്‍ നിലനിര്‍ത്താന്‍ വേണ്ടി കര്‍ണാടകയിലേക്ക് കൊണ്ട് വന്ന് റിസോര്‍ട്ടില്‍ താമസിപ്പിക്കുകയായിരുന്നു. അന്ന് 44 എം.എല്‍.എമാരുടെ സംരക്ഷണ ചുമതല കോണ്‍ഗ്രസ് ഏല്‍പിച്ചത് ഊര്‍ജ്ജ മന്ത്രിയായിരുന്ന ഡി.കെ ശിവകുമാറിനെയായിരുന്നു. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെഹ് ലോട്ട് സിദ്ധരാമയ്യയെ വിളിച്ച് സാഹായം ചോദിച്ചപ്പോള്‍ സിദ്ധരാമയ്യ ആ ദൗത്യം ഡി കെ ശിവകുമാറിനെ ഏല്‍പിക്കുകയായിരുന്നു.


Read Also : ബി.ജെ.പി നേതാക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു: ഒടുവില്‍ താക്കീത് ചെയ്തു: ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പമെന്നും എം.എല്‍.എ ടി.ഡി രാജഗൗഡ


ആ ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ച ശിവകുമാരാണ് അന്ന് കോണ്‍ഗ്രസിന് രക്ഷകനായത്. അമിത്ഷായുടെയും ബി.ജെ.പിയുടെയും വഴിവിട്ട തന്ത്രങ്ങളെ പൊളിച്ച് അട്ടിമറി ശ്രമങ്ങളെ മറികടന്ന് അങ്ങനെ അഹമ്മദ് പട്ടേല്‍ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. ഗുജറാത്ത് എം.എല്‍.എമാരെ പാര്‍പ്പിച്ച അതേ റിസോര്‍ട്ട തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് എം.എല്‍.എമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബി.ജെ.പി ക്യാമ്പ് ശിവകുമാറിനോട് പ്രതികാരം ചെയ്തത്. വീണ്ടും സമാന സാഹചര്യം സ്വന്തം സംസ്ഥാനത്ത് ഉരിതിരിഞ്ഞ സാഹചര്യത്തില്‍ ബി.ജെ.പിയോട് നേര്‍ക്കുന്നേര്‍ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അടുത്ത തിരിച്ചടി എന്താകുമെന്ന് കണ്ട് തന്നെ അറിയാം.


Read Also : കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന് തന്ത്രം മെനഞ്ഞത് യെച്ചൂരി; പദ്ധതി നടപ്പിലാക്കിയത് ഇങ്ങനെ


കോണ്‍ഗ്രസ്, ജെ.ഡി.എസ് എംഎല്‍എമാര്‍ക്കായി ബി.ജെ.പി ക്യാമ്പും റെഡ്ഡി സഹോദരന്മാരും ചൂണ്ടയെറിയുന്നതിനിടെ ബി.ജെ.പിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡി.കെ ശിവകുമാര്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. ആറ് ബി.ജെ.പി എം.എല്‍.എമാരുമായി ഡികെ ശിവകുമാര്‍ ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറെക്കാലമായി ആഗ്രഹിക്കുന്ന ശിവകുമാര്‍ അത് കിട്ടാത്തതില്‍ നിരാശയിലാണെങ്കിലും ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദത്തിലെത്താം എന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

We use cookies to give you the best possible experience. Learn more