ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു.
സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
സ്റ്റാന്‍ സ്വാമിയുടെ സ്മരണാര്‍ത്ഥവും അദ്ദേഹത്തിന്റെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും യു.എസ് കോണ്‍ഗ്രസില്‍ താന്‍ പ്രമേയം അവതരിപ്പിച്ചതായി കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി ജ്വാന്‍ വര്‍ഗസ് ആണ് വ്യക്തമാക്കിയത്.
യു.എസ് കോണ്‍ഗ്രസ് പ്രതിനിധികളായ ആന്‍ഡ്രെ കാഴ്‌സണും ജെയിംസ് മക്ഗവേണുമായിരുന്നു പ്രമേയത്തെ കോണ്‍ഗ്രസില്‍ പിന്തുണച്ചത്.
ചൊവ്വാഴ്ച ‘Persecution of Religious Minorities and their Defenders in India: Commemorating Father Stan’s Death in Custody’, എന്ന വെബിനാറിലും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ വര്‍ഗസ് പങ്കെടുത്തിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള എംപിയും യു.എന്നിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറുമടക്കമുള്ളവര്‍ വെബിനാറില്‍ സംസാരിച്ചിരുന്നു.
2021 ജൂലൈ അഞ്ചിനായിരുന്നു മുംബൈയിലെ ആശുപത്രിയില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരിക്കെയാണ് മരണം സംഭവിച്ചത്.
കേസില്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് വാര്‍ധക്യ കാല അവശതകളും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു.
മരണത്തിന് പിന്നാലെ തന്നെ അന്താരാഷ്ട്ര തലത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്ത്യ തള്ളുകയായിരുന്നു.