നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസികള്‍ക്ക് അമ്പത് ശതമാനം തൊഴില്‍ സംവരണം വേണം; പ്രമേയം
Kerala News
നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസികള്‍ക്ക് അമ്പത് ശതമാനം തൊഴില്‍ സംവരണം വേണം; പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 7:18 pm

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാനായി കേരള സര്‍ക്കാരിന്റെ സംരംഭമായ നോര്‍ക്ക റൂട്ട്സിലും കേരളാ പ്രവാസി ക്ഷേമ ബോര്‍ഡിലും അമ്പത് ശതമാനം തൊഴില്‍ സംവരണം പ്രവാസികള്‍ക്ക് നല്‍കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രമേയം.

പ്രവാസി ലീഗല്‍ സെല്‍ തിരുവനന്തപുരം മേഖല ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് പ്രസ്തുത പ്രമേയം അവതരിപ്പിച്ചത്. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ മുന്‍ ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന ഡോ. സിബി മാത്യൂസാണ് തിരുവനന്തപുരം മേഖല ഓഫീസ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.

മനുഷാവകാശപ്രവര്‍ത്തകനായ ശ്രീ. ജോയ് കൈതാരം മുഖ്യാതിഥിയായിരുന്നു. പ്രവാസികളെ ശാക്തീകരിക്കാന്‍ തിരുവനന്തപുരം മേഖല ഓഫീസിന് കഴിയട്ടെയെന്ന് ഡോ. സിബി മാത്യൂസ് ഐ.പി.എസ് ആശംസിച്ചു. അഡ്വ. ആര്‍. മുരളീധരന്‍, ഡോ.സോണിയ ജോര്‍ജ്, ലത്തീഫ് തെച്ചി, അഡ്വ. എസ്. വിജയകുമാര്‍, ജോസഫ് അതിരുങ്കല്‍, താലത്തു പൂവച്ചല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

നോര്‍ക്കയിലും അതുപോലെ കേരള പ്രവാസി ക്ഷേമബോര്‍ഡിലും അമ്പതുശതമാനം തൊഴില്‍ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് അഡ്വ. ആര്‍. മുരളീധരന്‍ അവതരിപ്പിച്ച പ്രമേയം തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയ്ക്ക് നല്‍കുന്നതിനും യോഗം തീരുമാനമെടുത്തു.