| Thursday, 10th December 2020, 5:32 pm

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എങ്ങനെ ഹൈന്ദവ പൂജ നടത്തി: രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെ ഹൈന്ദവ ചടങ്ങായ ഭൂമി പൂജ നടത്തി പുതിയ പാര്‍ലമെന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതില്‍ വിമര്‍ശനവുമായി അഭിഭാഷക രശ്മിത രാമചന്ദ്രന്‍.

ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്നും പൗരനും ഭരണകൂടവും തമ്മിലുള്ള ഒരിടപാടിലും മതം കടന്നു വരാന്‍ പാടില്ലെന്നിരിക്കെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മോദി എങ്ങനെയാണ് ഹൈന്ദവ പൂജ നടത്തുകയെന്നായിരുന്നു രശ്മിതയുടെ ചോദ്യം.

പാലാരിവട്ടം പാലം പൊളിക്കുന്ന ചടങ്ങിനു എങ്ങനെ ഹൈന്ദവ രീതിയില്‍ത്തന്നെ പൂജ നടന്നെന്നും സുപ്രീം കോടതിയുടെ രജിസ്ട്രിയിലെ വിവിധ സെക്ഷനുകളില്‍ എങ്ങനെ ഹൈന്ദവ ദേവതാ ചിത്രങ്ങള്‍ വന്നെന്നും രശ്മിത ചോദിച്ചു.

‘ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പൗരനും ഭരണകൂടവും തമ്മിലുള്ള ഒരിടപാടിലും മതം കടന്നു വരാന്‍ പാടില്ല. അങ്ങനെയെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എങ്ങനെ ഹൈന്ദവ പൂജ നടത്തി? പാലാരിവട്ടം പാലം പൊളിക്കുന്ന ചടങ്ങിനു എങ്ങനെ ഹൈന്ദവ രീതിയില്‍ത്തന്നെ പൂജ നടന്നു? സുപ്രീം കോടതിയുടെ രജിസ്ട്രിയിലെ വിവിധ സെക്ഷനുകളില്‍ എങ്ങനെ ഹൈന്ദവ ദേവതാ ചിത്രങ്ങള്‍ വന്നു?’ രശ്മിത ഫേസ്ബുക്കില്‍ എഴുതി.

പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

കര്‍ണാടകയിലെ ശൃംഖേരി മഠത്തില്‍ നിന്നുള്ള പുരോഹിതര്‍ സംസ്‌കൃത ശ്ലോകം ഉരുവിടുന്നതിനിടയില്‍ സമീപത്ത് ഒരുക്കിയ മണ്ഡപത്തില്‍ ആചാര പ്രകാരമാണ് മോദി ഇന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.

പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.

ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്, വിദേശ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്.

ത്രിക്രാണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികള്‍ ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഒരു നാഴിക കല്ലായ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാമന്ത്രിയുടെ അവകാശവാദം. രത്തന്‍ ടാറ്റയ്ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാറ് മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Resmitha Ramachandran On Parliament Bhoomi Pooja

We use cookies to give you the best possible experience. Learn more