അവസരങ്ങള്‍ക്കായി ശരീരം പങ്കിടാന്‍ ആവശ്യപ്പെടുന്നത് സിനിമാ രംഗത്തുമാത്രമല്ല സംഗീത രംഗത്തുമുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ്. അത്തരം പെരുമാറ്റം കൊണ്ട് തന്റെ കയ്യില്‍ നിന്നും തല്ലുവാങ്ങിയ സംഗീത സംവിധായകര്‍ മലയാളത്തിലുമുണ്ടെന്നും രശ്മി പറഞ്ഞു.
ആര്‍.ജെ മാത്തുക്കുട്ടിയുടെ ടോക്ക് ടൈം വിത്ത് മാത്തുക്കുട്ടിയെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു രശ്മിയുടെ അഭിപ്രായ പ്രകടനം.
എല്ലാ രംഗത്തും ഇത്തരം ഇടപെടലുകളുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യം മനസിലാവുന്നത്. ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ നിന്നു തന്നെ രണ്ടുപേര്‍ക്കും സമാന അനുഭവം ഉണ്ടായേക്കാം. ഇതുവരെ അപകടംപിടിച്ച രീതിയിലേക്ക് കാര്യങ്ങള്‍ പോയിട്ടില്ലെന്നാണ് തനിക്കു തോന്നുന്നതെന്നും അവര്‍ പറയുന്നു.
“സിനിമാ മേഖലയില്‍ മാത്രമല്ല സംഗീത രംഗത്തും ഏതാണ്ട് എല്ലാ മേഖലകളിലും കാസ്റ്റിങ് കൗച്ച് ഉണ്ട്. പക്ഷേ സിനിമയില്‍ അത് കുറച്ചുകൂടി ഫേവറബിള്‍ ആണ്. അതുകൊണ്ടാണ് അതില്‍ കൂടുതല്‍ നടക്കുന്നത്. പിന്നെ ജനങ്ങള്‍ക്ക് ഒരു സെലിബ്രിറ്റിയുടെ എല്ലാ കാര്യങ്ങളും അറിയാന്‍ താല്‍പര്യമുണ്ടാവും. അതുകൊണ്ടാണ് സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ചിന് കുറച്ചുകൂടി പ്രാധാന്യം ലഭിക്കുന്നത്.
സംഗീത രംഗത്തും ഇതൊക്കെയുണ്ട്. അവിടെ വ്യക്തിയുടെ കറുപ്പും വെളുപ്പുമൊന്നും പ്രശ്‌നമാകുന്നില്ല. നിറം പ്രശ്‌നമാകുന്നത് സ്റ്റേജില്‍ മാത്രമാണ്. പൊതുവെ എല്ലാ സ്ത്രീകളുടെ അടുത്തും അങ്ങനെയൊരു അപ്രോച്ച് ഉണ്ടെങ്കില്‍ പോലും ചില തരത്തിലുള്ള ആറ്റിറ്റിയൂട്ട് ഇപ്പറഞ്ഞതുപോലുള്ള നിറമോ അങ്ങനെത്തെ ശരീരമോ ഉള്ള സ്ത്രീകള്‍ കുറച്ചുകൂടി അപ്രോച്ചബിള്‍ ആണെന്ന തരത്തിലുള്ള ഒരു തെറ്റിദ്ധാരയുണ്ടോയെന്ന സംശയമുള്ളതുപോലെ തോന്നിയിട്ടുണ്ട്.” രശ്മി പറയുന്നു.
തുടക്കത്തില്‍ ഇത്തരം രീതിയില്‍ പെരുമാറുന്നവരെ ഒന്നു പൊട്ടിക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും രശ്മി പറഞ്ഞു. എന്നാലിപ്പോള്‍ കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനാണ് ശ്രമിക്കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി.
“ഇത്തരം അവസരങ്ങളില്‍ സാഹചര്യം അനുസരിച്ചാണ് പ്രതികരിക്കുന്നത്. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്. അയാള്‍ നമ്മളേക്കാള്‍ ബലവാനാണോ, പ്രതികരിച്ചാല്‍ നമ്മള്‍ കുടുങ്ങുമോ എന്ന് നോക്കി വേണം പ്രതികരിക്കാനെന്നും” രശ്മി പറയുന്നു.
തുറന്നു സംസാരിക്കുന്ന പെണ്‍കുട്ടികള്‍ പോക്കാണ് എന്ന ധാരണ വെച്ചുപുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും രശ്മി വിശദീകരിക്കുന്നു.
നിറത്തിന്റെയും സൗന്ദര്യത്തിന്റെ പേരിലും കലാരംഗത്ത് വിവേചനങ്ങളുണ്ടെന്നും രശ്മി പറഞ്ഞു. സ്റ്റേജ് ഷോകളിലും മറ്റും വ്യക്തികളുടെ കഴിവിനേക്കാള്‍ സൗന്ദര്യത്തിനാണ് പ്രാധാന്യം ലഭിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
പരിപാടികള്‍ക്ക് പ്രതിഫലം ചോദിക്കുന്നതിന്റെ പേരില്‍ അഹങ്കാരികളായി ചിത്രീകരിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
“പ്രതിഫലം പറയുന്നത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഏതു ജോലിയായാലും പ്രതിഫലം ചോദിക്കുകയെന്നതൊരു മര്യാദയാണ്. എന്നാല്‍ പലരും പ്രതിഫലം എന്നൊരു കോളം തന്നെ മാറ്റിനിര്‍ത്തിയാണ് സംസാരിക്കാറുള്ളത്.
എല്ലാപണികളും ഉപേക്ഷിച്ചിട്ട് മ്യൂസിക് മാത്രമായി കരിയറില്‍ നില്‍ക്കുന്ന ഒരാളാണ്. എന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് എനിക്ക് പണം വേണം. ജീവിക്കാനുള്ള പണം. അത് സംസാരിക്കേണ്ടിവരുമ്പോള്‍ പലരുടെയും മുമ്പില്‍ അഹങ്കാരികളായി മാറും. ” അവര്‍ പറയുന്നു.
ഈ നാട്ടില്‍ ജീവിക്കാന്‍ പേടി തോന്നുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രശ്മി സതീഷ് പറഞ്ഞു.
“നാളെ എന്തു നിരോധനമാണ് വരിക, നാളെ എന്ത് വിലക്കാണു വരികയെന്നു പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എനിക്കിപ്പം ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പറ്റുന്നത് തന്നെ കേരളം പോലുള്ള സ്ഥലമായതുകൊണ്ടാണെന്നു തോന്നുന്നു.” രശ്മി വ്യക്തമാക്കി.