ബെംഗ്‌ളൂരു: രാജി വെച്ചതിന് പിന്നാലെ താന്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റെഡി. മൂന്ന് ദിവസം മുന്‍പാണ് കര്‍ണ്ണാടക രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി 13 വിമത എം.എല്‍. എ മാര്‍ക്ക് സ്പീക്കര്‍ രമേശ് കുമാറിന് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് 10 എം.എല്‍.എമാരും ജെ.ഡി.എസില്‍ നിന്ന് മൂന്ന് എം.എല്‍.എമാരുമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
‘ഞാന്‍ എം.എല്‍.എ സ്ഥാനത്ത് നിന്നാണ് രാജി വെച്ചത്. അല്ലാതെ പാര്‍ട്ടിയില്‍ നിന്നല്ല.’ എന്ന് രാമലിംഗ റെഡി മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് ഭാവി പറയാന്‍ കഴിയുമോ? ഞാന്‍ രാജിവച്ചിട്ടുണ്ട്, എനിക്ക് ഒരു മന്ത്രി പദവിയും ആവശ്യമില്ല. എനിക്കറിയില്ല എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ എന്നോട് ഇത്തരത്തില്‍ ചോദിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ മന്ത്രി പദവിയില്‍ തുടരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും ഇതൊന്നും ആഗ്രഹിച്ചിരുന്നില്ല. അദേഹം പറഞ്ഞു.
എന്നാല്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പോലും പറയുന്നത് രാമലിംഗറെഡി ഉപമുഖ്യമന്ത്രി പരമേശ്വരയുമായി അസ്വാരസ്യത്തിലാണെന്നും തനിക്ക് ബെംഗ്‌ളൂരു വികസന വകുപ്പ് ആവശ്യപ്പെട്ടെന്നുമാണ്.
രാമലിംഗ റെഡിയുടെ മകളും എം.എല്‍.എയുമായ സൗമ്യ റെഡി യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. രാജി പിന്‍വലിക്കാന്‍ പിതാവിനോട് ആവശ്യപ്പെടാനായി സോണിയ സൗമ്യയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എം.എല്‍.എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ നേരിട്ട് വരണമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജിക്കു പിന്നില്‍ ആരുടെയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.
പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ല. എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.