മന്ത്രിസ്ഥാനം രാജിവെച്ചത് ഏപ്രില്‍ 13-ന്; രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് എസ്.ബി.എസ്.പി നേതാവ്; യു.പിയില്‍ ബി.ജെ.പിക്കെതിരേ സഖ്യകക്ഷി രംഗത്ത്
ബല്ലിയ (ഉത്തര്‍പ്രദേശ്): യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് ഏപ്രില്‍ 13-നു താന്‍ രാജിവെച്ചതാണെന്നും ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) അധ്യക്ഷന്‍ ഒ.പി രാജ്ഭര്‍. ലോക്‌സഭാ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു രാജിയെന്നും രാജ്ഭര്‍ വ്യക്തമാക്കി.
ബി.ജെ.പി ചിഹ്നത്തില്‍ താനും മത്സരിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും എന്നാല്‍ താന്‍ ഒരേയൊരു സീറ്റില്‍ നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അതു തന്റെ പാര്‍ട്ടിയുടെ ചിഹ്നത്തിലാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി അതംഗീകരിച്ചില്ല. തുടര്‍ന്നാണു താന്‍ രാജിവെച്ചതെന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്ഭര്‍ പറഞ്ഞു.
2017 മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എസ്.ബി.എസ്.പി. യോഗി സര്‍ക്കാരിലെ പിന്നാക്കക്ഷേമ മന്ത്രി കൂടിയാണ് അദ്ദേഹം.
ബല്ലിയയടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ തന്റെ പേരുപയോഗിച്ചാണ് ബി.ജെ.പി പ്രചാരണം നടത്തുന്നതെന്നും അവരുപയോഗിക്കുന്ന പോസ്റ്ററുകളിലും വാഹനങ്ങളിലും തന്റെ ചിത്രങ്ങള്‍ കാണാമെന്നും രാജ്ഭര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയെന്നും എന്നാല്‍ ബി.ജെ.പിക്ക് അനുകൂലമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.ബി.എസ്.പി ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏപ്രില്‍ 16-ന് രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്ക് തന്റെ പാര്‍ട്ടിയെ ഇല്ലാതാക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹമന്ന് ആരോപിച്ചിരുന്നു.
‘പ്രതീക്ഷയോടെ കഴിഞ്ഞദിവസങ്ങളില്‍ ഞാന്‍ കാത്തിരുന്നു. മൂന്നുദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ജെ.പി നഡ്ഡയും എന്നെ വിളിച്ചു. ബി.ജെ.പിക്കുള്ളില്‍ നിന്നു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച് എന്നെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തയ്യാറല്ലെന്ന് ഞാന്‍ അറിയിക്കുകയായിരുന്നു.’- രാജ്ഭര്‍ പറഞ്ഞു.