മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ല; രാജിവെച്ചത് അധ്യക്ഷ സ്ഥാനം മാത്രം: ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍
national news
മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ല; രാജിവെച്ചത് അധ്യക്ഷ സ്ഥാനം മാത്രം: ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 10:21 pm

ന്യൂദല്‍ഹി: മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രാജിവെച്ച ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി. താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വെച്ചിട്ടില്ലെന്നും അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി.

ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമാണ് താന്‍ രാജിവെച്ചതെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോവുന്നില്ലെന്നും അരവിന്ദര്‍ സിങ് ലൗലി വ്യക്തമാക്കി. ലൗലിയുടെ വസതിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മദ്യ അഴിമതിക്കേസുമായി ഏതാനും എ.എ.പി മന്ത്രിമാരെ ജയിലിലടച്ചിരിക്കുന്ന വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. എന്നിട്ടും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നു. ദല്‍ഹി പ്രവര്‍ത്തകരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് രാജി വെച്ചത്,’ അരവിന്ദര്‍ സിങ് ലൗലി മാധ്യമങ്ങളോട് പറഞ്ഞു.

ഹര്‍ഷ് മല്‍ഹോത്രയെ നീക്കി ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ നിന്ന് ലൗലിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുകയാണെന്ന കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ആസിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തെ തുടര്‍ന്നാണ് അരവിന്ദറിന്റെ പ്രതികരണം.

അധ്യക്ഷ സ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. നാല് പേജുള്ള രാജിക്കത്താണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ചത്. എ.എ.പിയുമായി ദല്‍ഹിയില്‍ സഖ്യമുണ്ടാക്കിയത് തന്റെ അറിവോടയല്ലെന്ന് അരവിന്ദര്‍ സിങ് തന്റെ രാജിക്കത്തില്‍ ആരോപിച്ചിരുന്നു.

കനയ്യ കുമാറിന്റെയടക്കം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പി.സി.സി അധ്യക്ഷനായ തന്റെ അറിവോടയല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എ.എ.പി നേതാക്കളുമായി നടന്ന യോഗത്തില്‍ ബ്ലോക്ക് തല സമിതി അംഗങ്ങളെ നിയമിക്കാന്‍ പോലും തനിക്ക് അധികാരമില്ലായിരുന്നെന്നും അരവിന്ദര്‍ സിങ് ആരോപിച്ചു.

Content Highlight: Resigned Delhi Congress president Arvinder Singh Lovely has saying that he has not decided to join any other party