| Friday, 3rd August 2018, 1:20 pm

ഇവിടെ മോദിക്കെതിരെ വാര്‍ത്ത പറ്റില്ല: എ.ബി.പി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രമുഖ ചാനലായ എ.ബി.പി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മിലിന്ദ് ഖണ്ടേക്കര്‍, പുണ്യ പ്രസൂണ്‍ ബാജ്‌പെയ് എന്നിവര്‍ രാജിവെച്ചു. എ.ബി.പി ന്യൂസിന്റെ ചീഫ് എഡിറ്ററാണ് ഖണ്ടേക്കര്‍. എ.ബി.പിയിലെ ജനപ്രിയ പരിപാടി മാസ്റ്റര്‍ സ്‌ട്രോക്കിന്റെ അവതാരകനാണ് പുണ്യ പ്രസൂണ്‍.

മോദിക്കെതിരെയും ബി.ജെ.പിക്കെതിരേയും വാര്‍ത്ത നല്‍കിയതില്‍ മാനേജ്‌മെന്റില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ഇരുവരുടേയും രാജി എന്ന് എ.ബി.പി ന്യൂസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മൂന്നാമത് ഒരാളെക്കൂടെ പുറത്താക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിക്ക് എതിരെ വാര്‍ത്ത നല്‍കരുതെന്ന് ആവശ്യപ്പെട്ട മാനേജ്‌മെന്റിനെ എതിര്‍ത്ത അഭിസാര്‍ ശര്‍മ്മയെ പുറത്താക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവരുടെ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ചാനല്‍ നടത്തിയിട്ടില്ല.

കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിങ്ങ് സുര്‍ജെവാല ഇതിന് പിന്നില്‍ ബി.ജെ.പിയുടെ നേരിട്ടുള്ള ശ്രമങ്ങള്‍ ആണെന്ന് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ഓപറേഷന്‍ “എ.ബി.എസ് ന്യൂസ് ചാനല്‍ താമര” നടത്തിയത് മോദിയും അമിത് ഷായും ചേര്‍ന്നാണ് എന്ന് പരിഹസിച്ച് കൊണ്ടാണ് സുര്‍ജേവാലയുടെ ട്വീറ്റ്.



രാജ്യസഭയില്‍ തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനും മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.



കഴിഞ്ഞ മാസം മോദി നടത്തിയ ഒരു പരിപാടിയുടെ തട്ടിപ്പ് പൊളിച്ചടുക്കിയതാണ്, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പിയുടെ ശത്രുത കൂടാന്‍ കാരണം.

കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയില്‍ അത്തച്ചക്ക കൃഷി നടത്തി തന്റെ വരുമാനം ഇരട്ടിയായതായി ചന്ദ്രമണി കൗശിക്ക് എന്ന യുവതി മോദിയോട് പറയുന്നത് ചിത്രീകരിച്ചിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും, സ്ത്രീയെ നേരത്തെ പഠിപ്പിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നും മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടിയിലൂടെ പുറത്തുകൊണ്ട് വന്നതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.



ഈ പരിപാടിക്ക് വലിയ ശ്രദ്ധ കിട്ടുകയും, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.



ബി.ജെ.പി നേതാക്കളായ നിര്‍മ്മല സീതാരാമനും, രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോറും വലിയ വിമര്‍ശങ്ങളാണ് പരിപാടിക്കെതിരെ നടത്തിയത്.




തുടര്‍ന്ന് മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടി നടക്കുമ്പോഴെല്ലാം ഉപഭോക്താക്കള്‍ തടസ്സം നേരിട്ടിരുന്നു. ഈ പരിപാടി നടക്കുമ്പോള്‍ ടാറ്റ സ്‌കൈ, എയര്‍ട്ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ സേവനം നിര്‍ത്തിയതായാണ് ട്വീറ്റുകള്‍.



ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ രാജി.

We use cookies to give you the best possible experience. Learn more