national news
മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി; മണിപ്പൂര്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 03:53 am
Monday, 10th February 2025, 9:23 am

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ ഇന്ന് മുതല്‍ നടക്കാനിരുന്ന നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍ സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന ഉത്തരവ് ഇതിനകം അസാധുവാക്കുന്നുവെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം.

കലാപബാധിതമായ  മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ പൊതുജന സമ്മര്‍ദം വര്‍ധിച്ചിരുന്നുവെന്നും അതിനെതിരെ അവിശ്വാസ പ്രമേയം വരുമെന്ന ഭീതിയിലാണ് രാജിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ബിരേന്‍ സിങ്ങിന്റെ ഇക്കാലത്തുള്ള ഭരണം മണിപ്പൂരില്‍ ഭിന്നതയ്ക്ക് കാരണമായെന്നും അക്രമങ്ങളും ജീവഹാനിയുമുള്‍പ്പെടെ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായി അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി എത്രയും പെട്ടെന്ന് തന്നെ മണിപ്പൂരിലെത്തി ജനങ്ങളെ സന്ദര്‍ശിക്കണമെന്നും അവരെ കേള്‍ക്കണമെന്നും സാധാരണ നില തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ (ഞായറാഴ്ച) ആണ് ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.

‘ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. മണിപ്പൂരിന്റെ ഓരോ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചതിനും, ഇടപെടലുകള്‍ക്കും, വികസന പ്രവര്‍ത്തനങ്ങള്‍ക്കും, വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനോട് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്,’ രാജിക്കത്തില്‍ ബിരേന്‍ സിങ് പറഞ്ഞിരുന്നു.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അയല്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കലാപം ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതിനുശേഷം 250ലധികം ആളുകളാണ് മണിപ്പൂരില്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്. 2024 ഡിസംബര്‍ 31ന് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളില്‍ ബീരേന്‍ സിങ് ക്ഷമാപണവും നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം 2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമൊന്നും ഉണ്ടായിട്ടില്ല.

Content Highlight: Resignation of Chief Minister Biren Singh; Manipur assembly session adjourned