| Saturday, 22nd June 2024, 10:41 am

അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാജി, കോണ്‍ഗ്രസുമായി അടുക്കാന്‍ മമത; വയനാട്ടില്‍ പ്രിയങ്കക്കായി പ്രചരണത്തിനെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ രാജിക്ക് പിന്നാലെ കോൺഗ്രസിന് പിന്തുണയുമായി മുഖ്യമന്ത്രി മമത ബാനർജി എത്തിയതായി റിപ്പോർട്ട്. ബംഗാളിൽ മമതയുടെ ശക്തനായ എതിരാളിയായിരുന്ന അധിർ രഞ്ജൻ ചൗധരി രാജിവെച്ചതോടുകൂടി കോൺഗ്രസിൽ മമതയ്ക്ക് എതിരാളികളില്ലാതായെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്നാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി മമത എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് ഒരു സീറ്റിൽ മാത്രമായി ചുരുങ്ങി പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അധിർ രഞ്ജൻ ചൗധരി തന്റെ അധ്യക്ഷസ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി വിലയിരുത്താൻ ചേർന്ന പി.സി.സി യോഗത്തിന് ശേഷമായിരുന്നു രാജി.

Also Read: ടി.പി. കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം; കണ്ണൂര്‍ ജയില്‍ സുപ്രണ്ടിന്റെ കത്ത് പുറത്ത്

ബംഗാളിൽ മാൽഡ ദക്ഷിനിൽ നിന്ന് ജയിച്ച ഇശാ ഖാൻ ചൗധരി ഒഴികെ ബാക്കിയെല്ലാവരും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. മുർഷിദാബാദിലെ ബഹ്റാംപൂർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ പാർട്ടിയുടെ ലോക്സഭാ എം.പിയായ ചൗധരി ഇത്തവണ തൃണമൂൽ സ്ഥാനാർത്ഥിയോട് തോറ്റിരുന്നു. മുൻ ക്രിക്കറ്റ് താരമായ യൂസഫ് പത്താനോട് 85,022 വോട്ടുകൾക്കായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്.

പശ്ചിമ ബംഗാളിൽ സി.പി.ഐ.എമ്മുമായി സഖ്യം ഉണ്ടാക്കിയ അധിർ രഞ്ജൻ ചൗധരി രാജിവെച്ചതോടെ കോൺഗ്രസ് സി.പി. ഐ.എം സഖ്യത്തിൽ വിള്ളൽ വീഴുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

രാജിക്ക് ശേഷം മല്ലികാർജുൻ ഖാർഗയോടുള്ള എതിർപ്പ് ചൗധരി പരസ്യമായി പ്രകടിപ്പിച്ചു. ഖാർഗെ ദേശീയ അധ്യക്ഷൻ ആയതിന് ശേഷം ബംഗാളിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. പുതിയ പ്രസിഡൻറ്റിനെ നിയമിക്കുമ്പോൾ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജിയുമായി പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതും ചൗധരിയെ ചൊടിപ്പിച്ചിരുന്നു.

Also Read: നീറ്റ് ക്രമക്കേട്; പ്രതിഷേധത്തിനൊടുവിൽ മുഖം രക്ഷിക്കാൻ നിയമവുമായി കേന്ദ്രം

ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കാനായിരുന്നു ചൗധരിയുടെ താത്പര്യം. ഇടത് സ്ഥാനാർത്ഥികളും എല്ലാ മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങിയതോടുകൂടി സഖ്യം മുന്നോട്ട് പോകുമോ എന്നതിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മമത ബാനർജിയുടെ കോൺഗ്രസിലേക്കുള്ള കടന്നുവരവ് ഇതിന് ബലം കൂട്ടുകയാണ്.

തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നേതാവാണ് അധിർ രഞ്ജൻ ചൗധരി. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിലും നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുകയെന്ന വിമർശനം വരെ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അധിർ രഞ്ജൻ ചൗധരിയുടെ രാജിയിലൂടെ മമത ബാനർജി കോൺഗ്രസുമായി രമ്യപ്പെടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്ന വാർത്തയാണ് മമതയുടെ വയനാട്ടിലെ പ്രിയങ്കക്കായുള്ള പ്രചരണം.

Also Read: ജനുവരിയില്‍ മോദി ഉദ്ഘാടനം ചെയ്ത അടല്‍ സേതു പാലത്തില്‍ വിള്ളല്‍; നിര്‍മാണത്തിനായി മുടക്കിയത് 18000 കോടി

അധിർ രഞ്ജൻ ചൗധരിക്ക് പകരം ബംഗാളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഇശാ ഖാൻ ചൗധരിക്ക് അധ്യക്ഷസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Content Highlight: resignation of adhir ranjan choudari and the entry of mamatha banarji in congress

We use cookies to give you the best possible experience. Learn more