പ്രസെന്‍ജിത്ത് ബോസ്
മൊഴിമാറ്റം: ഷഫീക്ക് എച്ച്.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജി കടന്നു വന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.ഐ.എം, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ പ്രണബിനെ പിന്തുണയ്ക്കാനും തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിന്റെ ഗവേഷണവിഭാഗം കണ്‍വീനര്‍ പ്രസെന്‍ജിത്ത് ബോസ് രാജിവെയ്ക്കുകയുണ്ടായി. അദ്ദേഹം പാര്‍ട്ടിക്കയച്ച രാജികത്തിന്റെ പൂര്‍ണ്ണരൂപം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.
ഗുരുതരമായൊരു അബദ്ധം
പ്രിയ സഖാക്കളെ,
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നോമിനിക്ക് പിന്തുണ നല്‍കാന്‍ ജൂണ്‍ 21 ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചല്ലോ. അതിനോടുള്ള എന്റെ ഞെട്ടലും ഭീതിയുമാണ് ഈ കത്ത്.
രാഷ്ട്രീയ ലൈനില്‍ നിന്നുള്ള വ്യതിചലനം
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ അരാഷ്ട്രീയമായ ഒന്നായോ പാര്‍ട്ടി ലൈനിനു പുറത്തുള്ള ഒന്നായോ ഒരിക്കലും കാണ്ടിരുന്നില്ല എന്നത് സി.പി.ഐ.എമ്മിന്റെ ശരിയായ നിലപാടാണ്. 2002ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും കോണ്‍ഗ്രസും എസ്.പിയുമെല്ലാം ചേര്‍ന്ന് അബ്ദുല്‍ കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായി ഇടതുപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. 2007 ല്‍ യു.പി.എ യ്ക്ക് ഇടതുപക്ഷം പുറത്തുനിന്നും പിന്തുണ നല്‍കിയിരുന്ന സമയത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് ഇടതുപക്ഷം യു.പി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസാകട്ടെ പകരമായി ഒരു ഇടതുപക്ഷ നോമിനിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയോടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയോടും സി.പി.ഐ.എമ്മും ഇടതുപക്ഷപാര്‍ട്ടികളും സ്വീകരിക്കുന്ന മൊത്തം രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയപരമായ തീരുമാനങ്ങളായിരുന്നു ഇവയൊക്കെ തന്നെ.
മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരമായ പുനര്‍ക്രമീകരണങ്ങള്‍ വന്‍തോതില്‍ നടക്കുകയുണ്ടായി. അതുകൊണ്ട് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ ലൈനായിരിക്കണം അതിന്റെ രാഷ്ട്രീയ സമീപനത്തെ നയിക്കേണ്ടത്. 2012 ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രമേയം താഴെ പറയും വിധം രാഷ്ട്രീയ ലൈനിനെ വ്യക്തമായും വരച്ചിടുന്നു.
“2: 137 കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സി.പി.ഐ.എമ്മിന് രാഷ്ട്രീയപരമായി പോരാടേണ്ടതുണ്ട്. ചൂഷണത്തെ നിലനിര്‍ത്തുന്ന, വിവിധ വിഭാഗം ജനങ്ങളുടെ മേലുള്ള സാമൂഹികമായ അടിച്ചമര്‍ത്തലിന് കാരണമായ വന്‍കിട മുതലാളിത്ത ഭൂപ്രഭു സാമൂഹ്യ ക്രമത്തെയാണ് ഈ രണ്ടു പാര്‍ട്ടികളും പ്രതിനിധാനം ചെയ്യുന്നത്. നവ ഉദാരീകരണ നയങ്ങളും അമേരിക്കന്‍ അനുകൂല വിദേശ നയവുമാണ് ഇവര്‍ പിന്തുടരുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതുപോലെ കര്‍ഷരും തൊഴിലാളികളും അനുഭവിക്കുന്ന യാതനകളുമൊക്കെ അവസാനിപ്പിക്കുന്നതിനും നിര്‍ലജ്ജമായ അഴിമതിയും വന്‍കിട ബിസ്സിനസുകള്‍ക്കും ധനിക വിഭാഗങ്ങള്‍ക്കും നിസ്സീമമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും കോണ്‍ഗ്രസിനേയും യു.പി.എ സര്‍ക്കാരിനേയും പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ ഇടതുപക്ഷ-ജനാധിപത്യ-മതേതരത്വ ശക്തികള്‍ക്ക് മുന്നേറണമെങ്കില്‍ ബി.ജെ.പിയേയും അതിന്റെ പ്രതിലോമപരമായ വര്‍ഗീയ വലതുപക്ഷ അജണ്ടകളെയും ഒറ്റപ്പെടുത്തേണ്ടതുണ്ട്.
“2.138 കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായി സി.പി.ഐ.എം ഒരു ഇടതുപക്ഷ-ജനാധിപത്യ ബദലാണ് മുന്നോട്ടുവെയ്ക്കുന്നത്. മുതലാളിത്ത-ഭൂപ്രഭു ഭരണത്തിനെതിരായി ഇടതു-ജനാധിപത്യ പ്ലാറ്റ്ഫോറത്തിനുമാത്രമേ ഒരു ബദലായി തീരാനാകൂ. മുന്നേറ്റങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അതുപോലെ ഇടതു-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള രാഷ്ട്രീയപരമായ സഖ്യത്തിലൂടെയുമാണ് ഇത്തരമൊരു ബദല്‍ കെട്ടിപ്പടുക്കേണ്ടത്. ഈ പരിശ്രമത്തിനിടയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ശക്തികളെ അണിനിരത്തേണ്ടത് അനിവാര്യമാണ്. ജനാധിപത്യം, ദേശീയ പരമാധികാരം, മതേതരത്വം എന്നീ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിലും ജനങ്ങളുടെ ജീവനോപാധികളും അവകാശങ്ങളും സംരക്ഷിക്കുന്നതിലും ഈ ശക്തികള്‍ക്ക് ഒരു പങ്കുവഹിക്കാനുണ്ട്. അത്തരത്തില്‍ യോജിച്ചുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഖ്യം രൂപപ്പെടുത്താന്‍ സഹായിക്കും.”
കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും രാഷ്ട്രീയപരമായി പോരാടേണ്ടതുണ്ടെന്ന ഈ അംഗീകൃത ലൈനില്‍ നിന്നുള്ള വ്യതിയാനമാണ് 2012ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നോമിനിയെ പിന്തുണയ്ക്കാനുള്ള പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ഇടത് ഐക്യത്തേയും ഇടത്-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഖ്യത്തേയും ശക്തിപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തെ തുരങ്കം വെച്ചുകൊണ്ട് ഇടത് ഐക്യത്തില്‍ തന്നെ വിള്ളല്‍ വീഴ്ത്തുന്നതാണ് പോളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം.
പ്രണബ് മുഖര്‍ജിയുടെ റെക്കോര്‍ഡ്
“ഇന്നത്തെ സാഹചര്യത്തില്‍ “” “പരക്കെ സ്വീകാര്യനായ “” ഒരു സ്ഥാനാര്‍ത്ഥിയാണ് പ്രണബ് മുഖര്‍ജി എന്നാണ് സ്വന്തം തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പോളിറ്റ്ബ്യൂറോ നടത്തിയ പ്രസ്താവന. ഇതൊരു സവിശേഷമായ വാദഗതിയായിപ്പോയി. എന്തെന്നാല്‍ പാര്‍ട്ടി ലൈനിനെ മറികടന്നുകൊണ്ട്, മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ടെന്നു പറയപ്പെടുന്ന ഈ സ്വീകാര്യത, കഴുത്തറ്റം അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസും ഡി.എം.കെയും മുതല്‍ വര്‍ഗീയ സങ്കുചിത സംഘടനയായ ശിവസേനവരെയുള്ള പാര്‍ട്ടികളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയാണ്. പോളിറ്റ് ബ്യൂറോയുടെ ഈ വാദഗതി സംശയാസ്പദം കൂടിയാണ്. ഇത്തരം ജനവിരുദ്ധ ശക്തികള്‍ക്കിടയില്‍ ഒരു സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകാര്യത തന്നെ ആ സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും പിന്തുണയ്ക്കാതിരിക്കാനുള്ള ശക്തമായ കാരണമാണ്.
അടുത്ത പേജില്‍ തുടരുന്നു
2004 മുതല്‍ 2012 വരെയുള്ള യു.പി.എ സര്‍ക്കാരുകളിലെ ഒരു മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയാണ് പ്രണബ് മുഖര്‍ജി. ആദ്യത്തെ തവണ പ്രതിരോധ മന്ത്രി, വിദേശകാര്യമന്ത്രി എന്നീ നിലകളില്‍ പ്രതിരോധ സൈനിക കരാറിലൂടെയും ആണവ കരാറിലൂടെയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായക സഖ്യത്തെ ശക്തിപ്പെടുത്തിയ ആളാണ് മുഖര്‍ജി. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് എതിരായ ഒന്നായിട്ടാണ് ഇതിനെ ഇടതുപക്ഷം എപ്പോഴും കണ്ടിട്ടുള്ളത്. മാത്രവുമല്ല പണിയെടുക്കുന്ന ജനവിഭാഗത്തിന്റെ നടുവൊടിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തന്നെ തുടര്‍ന്ന ഒരു കാലംകൂടിയായിരുന്നു പ്രണബിന്റെ ഇപ്പോഴത്തെ ഭരണകാലം.
ഒരു വശത്ത് പലിശനിരക്ക് കൂട്ടിയും ഡിമാന്റ് കുറച്ചുകൊണ്ടും മറുഭാഗത്ത് കോസ്റ്റ്പ്ലസ് പണപ്പെരുപ്പത്തിന് എണ്ണപകര്‍ന്നും അതുപോലെ തന്നെ എണ്ണയുടേയും വളത്തിന്റേയും സബ്‌സിഡികള്‍ വെട്ടിക്കുറച്ച് അവയുടെ വില വര്‍ദ്ധിപ്പിച്ചും പണപ്പെരുപ്പത്തെ നേരിട്ട പ്രണബിന്റെ തിരുമണ്ടന്‍ ആശയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ സ്റ്റാഗ്ഫ്‌ലേഷനിലേക്കാണ് തള്ളിവിട്ടത്. ലക്ഷക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും ഭക്ഷണം ലഭിക്കാതെ നരകിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയുടെ ഗോഡൗണില്‍ കിടന്ന് അഴുകിപ്പോയ സംഭവം അദ്ദേഹത്തിന്റെ നയരൂപീകരണത്തിലെ യുക്തിഹീനത വെളിവാക്കുന്നതാണ്. കുടിലമായ ബി.പി.എല്‍ മാനദണ്ഡത്തിന് സ്തുതി.
ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ചുകൊണ്ടും സാമ്പത്തിക ഉദാരീകരണം വഴിയും നവ ഉദാരീകരണ നയങ്ങളാണ് അദ്ദേഹം ശക്തമായി നടപ്പാക്കുന്നത്. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയിലേക്കും പുറത്തേക്കുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ധനപരമായ പ്രതിസന്ധിയിലൂടെ രൂപയുടെ മൂല്യം ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുന്നതിനിടയാക്കുകയും ചെയ്തു. സാമ്പത്തിക സാഹചര്യങ്ങളെ അദ്ദേഹം തെറ്റായവിധം കൈകാര്യം ചെയ്യുന്നത് വ്യാവസായിക പുരോഗതിയിലെ മന്ദഗതിയ്ക്കും തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിനും കരുതല്‍ ധനശേഖരത്തിന്റെ കമ്മി അവസ്ഥയ്ക്കും ബാഹ്യകടം റെക്കോര്‍ഡ് തലത്തില്‍ വര്‍ദ്ധിക്കുന്നതിനും കാരണമായി.
അതേസമയം “ഉത്തേജന” പാക്കേജിന്റെ പേരില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കും എം.എന്‍.സികള്‍ക്കും നീതീകരിക്കാനാവാത്തവിധം കോടിക്കണക്കിന് രൂപയുടെ നികുതിയിളവാണ് അനുവദിച്ചത്. ഇത് ഇന്ത്യയുടെ സാമ്പത്തിക സാഹചര്യത്തെ അപകടത്തിലാക്കുകയും വികസനചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിലേക്കും വഴിതെളിച്ചു. യു.പി.എ സര്‍ക്കാര്‍ നടത്തിയ ടു ജി സ്‌പെക്ട്രം മുതല്‍ കെ.ജി ഗ്യാസ് അടക്കമുള്ള എല്ലാ അഴിമതികളേയും നിര്‍ലജ്ജം പ്രതിരോധിക്കുകയും വിദേശബാങ്കുകളിലെ കള്ളപ്പണത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ തടയുകയും ചെയ്തത് പ്രണബ് മുഖര്‍ജിയാണ്.
1991 മുതല്‍ തന്നെ പ്രണബ് മുഖര്‍ജി നവ ഉദാരവല്‍കരണത്തിന്റെ ഒരു വക്താവായിരുന്നു. 1994 ല്‍ വ്യവസായ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഗാട്ട് കരാറില്‍ ഒപ്പുവെച്ചു. മാത്രവുമല്ല ഇന്ത്യ കണ്ട ഏറ്റവും മോശം ധനകാര്യമന്ത്രിയായി മാറുകയായിരുന്നു ഇത്തവണ പ്രണബ്. കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ യു.പി.എ സര്‍ക്കാരിലെ മറ്റുമന്ത്രിമാരില്‍ നിന്നോ ഇതിന്റെ സാമ്പത്തിക ദര്‍ശനങ്ങളില്‍ നിന്നോ വേറിട്ട ഒരാളാണ് പ്രണബ് മുഖര്‍ജി എന്ന് ആര്‍ക്കും പറയാനാവില്ല. സി.പി.ഐ.എമ്മും ഇടതുപക്ഷവും ഒപ്പം നില്‍ക്കുന്ന ട്രേഡ് യൂണിയനുകളും മറ്റു ബഹുജന സംഘടനളുമെല്ലാം അദ്ദേഹത്തിന്റെ എല്ലാ നയങ്ങളേയും തുറന്ന് വിമര്‍ശിക്കുകയും എതിര്‍ത്തുവരികയും ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ നയങ്ങള്‍ക്കെതിരെ ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. പ്രണബ് മുഖര്‍ജിക്ക് പരക്കെ സ്വീകാര്യത ലഭിക്കുന്നെന്ന് പറയുന്നതിനോടൊപ്പം യു.പി.എ സര്‍ക്കാരിനേയും അതിന്റെ ജനവിരുദ്ധ നവഉദാരീകരണ നയങ്ങളെയും തുടര്‍ന്നും എതിര്‍ക്കും എന്ന് പോളിറ്റ് ബ്യൂറോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ധനകാര്യമന്ത്രി മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം കൂടി അനിവാര്യമാവുന്നത്? പ്രണബ് മുഖര്‍ജിയെപ്പോലെയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം സി.പി.ഐ.എമ്മിന്റെ നവഉദാരീകരണ നയത്തോടുള്ള വിയോജിപ്പിന്റെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നു എന്നത് വ്യക്തമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അതേസമയം അത് നടപ്പാക്കുന്ന ധനമന്ത്രിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറയുന്നത് കടുത്ത വഞ്ചനയും ഇരട്ടത്താപ്പുമാണ്.
അടുത്ത പേജില്‍ തുടരുന്നു
തെറ്റായ നിലപാടിനെ തുറന്നു കാണിക്കുന്ന വിവിധ വാദഗതികള്‍
2012 ജൂണ്‍ 21-ന് നടന്ന പത്രസമ്മേളനത്തില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി നടത്തിയിട്ടുള്ള വാദഗതി തെറ്റിദ്ധാരണാജനകമാണ്. അതില്‍ പറയുന്നത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ നോമിനികളെ 1991 മുതല്‍ സി.പി.ഐ.എം എല്ലായ്‌പ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നു എന്നാണ്. ( ഇതിനൊരപവാദം എന്‍.ഡി.എയുടെ പിന്തുണയോടെ 2002ല്‍ വന്ന അബ്ദുല്‍ കലാം ആണ്) എന്നാല്‍ 1991-നുശേഷം കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനകാര്യമന്ത്രിമാരിലാരെയും (അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രമന്ത്രിയെ ) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്നകാര്യം എന്തുകൊണ്ടാണ് പരാമര്‍ശിക്കാതെ പോകുന്നത്. ശ്രീ ശങ്കര്‍ ദയാല്‍ ശര്‍മയും കെ.ആര്‍ നാരായണനുമൊക്കെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കടന്നുവരുമ്പോള്‍ അവരൊക്കെ അന്നത്തെ വൈസ് പ്രസിഡന്റുമാരായിരുന്നു. ശ്രീമതി പ്രതിഭാ പാട്ടീല്‍ ആകട്ടെ അന്നത്തെ ഗവര്‍ണറും.
അതിനുമപ്പുറം 1992-ല്‍ വി.പി സിങിന്റെ നേതൃത്വത്തിലുള്ള ജനദാദളിന്റേയും ഇടതുപാര്‍ട്ടികളുടെയും ഐക്യസ്ഥാനാര്‍ത്ഥിയായ ശങ്കര്‍ ദയാല്‍ ശര്‍മ പിന്തുണ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വൈസ് പ്രസിഡന്റായി കെ.ആര്‍ നാരായണനെ സ്വീകരിച്ചു. പിന്നീട് 1997-ല്‍ ശിവസേന പിന്തുണ നല്‍കിയ ടി.എന്‍ ശേഷനെതിരെ (പരക്കെയുള്ള “സ്വീകാര്യത”യ്ക്ക് നല്ലൊരുദാഹരണമാണ് ശേഷന്‍) ശ്രീ നാരായണന്‍ ഇലക്ട്രല്‍ കോളേജിന്റെ 95 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി മാറിയത്. ശ്രീമതി പ്രതിഭാപാട്ടീലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇടതുപക്ഷം പിന്തുണയ്ക്കുന്ന അതേ സമയം തന്നെ ശ്രീ ഹമീദ് അന്‍സാരി എന്ന ഇടത് നോമിനിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വീകരിച്ചു. ഈ മുന്‍സംഭവങ്ങളെ കേവലമായി ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്താന്‍ പാടില്ല.
ഇന്ന് സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും പ്രതിപക്ഷത്താണെന്നു മാത്രമല്ല 1991 നുശേഷം ഇലക്ട്രല്‍ കോളേജില്‍ അവരുടെ ശക്തി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാനുള്ള സ്ഥിതി ഇടതുപക്ഷത്തിനില്ല. അപ്പോള്‍പ്പിന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള ഏക കാരണം മതേതരത്വ കാഴ്ചപ്പാടാണ്. അതായത് കോണ്‍ഗ്രസിനെ ഇടതുപക്ഷം പിന്തുണച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ വര്‍ഗീയ സ്ഥാനാര്‍ത്ഥി വിജയിക്കുന്ന അവസ്ഥ. ഇന്നതില്ല. എന്‍.ഡി.എ ക്യാമ്പില്‍ ഇന്ന് ഭിന്നതയാണുള്ളത്. ബി.ജെ.ഡിയും എ.ഐ.ഡി.എം.കെയും മുന്നോട്ടുവെയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിക്ക് പിന്തുണക്കേണ്ടിവരും. ഈ ഒരവസരത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിലൂടെ സി.പി.ഐ.എമ്മിന് എന്താണ് നേടാനാവുന്നത്?
വ്യക്തവും സമഗ്രവുമായ വിശദീകരണത്തിന്റെ അഭാവത്തില്‍ ഒരാള്‍ക്ക് രണ്ട് കാര്യങ്ങള്‍ ഊഹിക്കാനാവും. സി.പി.ഐ.എമ്മും ഇടതുപക്ഷവും സ്വന്തം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിനെതിരായോ ബി.ജെ.പിയ്‌ക്കെതിരായോ നിര്‍ത്താനാകാത്തവിധം എണ്ണത്തില്‍ തുച്ഛമാണ്. അത്തരമൊരവസരത്തില്‍ സ്വീകാര്യമായ മാര്‍ഗം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുക എന്നതാണ്. അത്തരത്തിലൊരു നിലപാടാണ് സി.പി.ഐയും ആര്‍.എസ്.പിയും സ്വീകരിച്ചിട്ടുള്ളത്. മാത്രവുമല്ല യുക്തിസഹവും സുതാര്യവും തത്വാധിഷ്ഠിതമായ നിലപാടാണത്. തിരഞ്ഞെടുപ്പ് ഫലം ഇത്തരത്തില്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഇന്നത്തെ രാഷ്ട്രീയപശ്ചാത്തലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുന്നു എന്ന ഒരു സന്ദേശമാണ് വ്യക്തമായും നല്‍കേണ്ടത്. സി.പി.ഐ.എമ്മിന്റെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ തീരുമാനം ഇങ്ങനെ മാത്രമേ നടപ്പാക്കാനാവൂ.
വിട്ടുനില്‍ക്കലിനെ രാഷ്ട്രീയപരമായ നിസ്സാര കാരണങ്ങളോട് തുല്യപ്പെടുത്തുന്നത് യുക്തിപരമായി തെറ്റാണ്. കാരണം ഇലക്ട്രല്‍ കോളേജില്‍ പ്രാധാന്യം ലഭിക്കുന്നത് പൊതുതിരഞ്ഞെടുപ്പുകളിലൂടെ കടന്നുവരുന്ന എം.പിമാരുടെയും എം.എല്‍.എമാരുടേയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ വോട്ട് ഏതു സ്ഥാനാര്‍ത്ഥിക്കാവണമെന്ന കാര്യത്തില്‍ സി.പി.ഐ.എമ്മിനോ ഇടതുപക്ഷത്തിനോ വാസ്തവത്തില്‍ അനിശ്ചിതത്വമില്ല. നിലവില്‍ ഇവര്‍ക്കുള്ള ശക്തിയെ ശരിയായ വിധത്തിലുള്ള രാഷ്ട്രീയ സന്ദേശം നല്‍കാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതാണ് വിഷയം. ഇവിടെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന സി.പി.ഐ.എം നിലപാടും ദയനീയമായി പരാജയപ്പെട്ടുപോകുന്നത്. എന്തെന്നാല്‍ മതനിരപേക്ഷത, പുരോഗമന സാമൂഹ്യ-സാമ്പത്തിക നയരൂപീകരണ പ്ലാറ്റ്‌ഫോം, സാമ്രാജ്യത്വ വിരുദ്ധം മുതലായ ഏതെങ്കിലുമൊരു പുരോഗമന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല ഇത്. എന്നുമാത്രമല്ല ഇതിലൂടെ അടിയന്തിരമായി ഒരു രാഷ്ട്രീയ നേട്ടവുമില്ല.
മറ്റൊരു വാദഗതി വരുന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്നാണ്. അതായത് കോണ്‍ഗ്രസ് നോമിനിയെ പിന്തുണയ്ക്കുന്നതിലൂടെ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും നേട്ടമുണ്ടാവുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരമാധികാരി ഇവരെ എതിര്‍ക്കുന്നു എന്നുള്ളതുകൊണ്ടാണെന്നാണ് മാധ്യമങ്ങളുടെ വാദം. ഇത് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള “നിര്‍ണ്ണായക വിയോജിപ്പിന്” കാരണമാകുമെന്നും അത് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബംഗാളില്‍ നിന്നുള്ള ആദ്യത്തെ പ്രസിഡന്റാവുകയാണെങ്കില്‍ അദ്ദേഹത്തിന്റ പ്രതിപക്ഷത്തിന് ബംഗാളില്‍ വലിയ രാഷ്ട്രീയപരമായ വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹത്തെ പിന്തുണച്ചവര്‍ക്ക് വലിയ ലാഭവിഹിതം നല്‍കേണ്ടി വരുമെന്നുമാണ് മാധ്യമങ്ങളുടെ അത്യൂത്സാഹികളായ കമന്റേറ്റര്‍മാരുടെ അഭിപ്രായം. അത്തരം വാദഗതികള്‍ ബംഗാളിലെ മൊത്തം സാധാരണ ജനങ്ങളുടെ രാഷ്ട്രീയബോധം പരിഗണിക്കാതെയുള്ളതു മാത്രമല്ല കഴമ്പില്ലാത്തതും സാമാന്യ യുക്തിക്ക് നിരക്കുന്നതുമല്ല.
2010-ലെ കെ.എം.സി തിരഞ്ഞെടുപ്പു മുതല്‍ 2012-ലെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുവരെ ആവര്‍ത്തിച്ച് നടന്നിട്ടുള്ള സംഭവങ്ങളില്‍ നിന്നു വ്യക്തമാവുന്നത് ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ തൃണമൂലിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാവുമെന്നാണ്. തൃണമൂലിന്റെ വോട്ടുകളെ കോണ്‍ഗ്രസ് സ്വതന്ത്രമായി മത്സരിച്ച് വിഘടിപ്പിക്കുമെന്ന വാദത്തിന് പശ്ചിമബംഗാളിലെ മിക്ക നിയോജക മണ്ഡലങ്ങളിലും സാധുതയില്ല. കാരണം ബംഗാളില്‍ തിരഞ്ഞെടുപ്പ് ധ്രുവീകരണം നടന്നത് ഇടതു ശക്തികളും ഇടതു വിരുദ്ധ ശക്തികളും എന്ന നിലയിലാണ്. ഇതില്‍ ഇടതുവിരുദ്ധ ശക്തികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നിലാണ് അണി നിരന്നിട്ടുള്ളത്. കോണ്‍ഗ്രസ് സ്വതന്ത്രമായി മത്സരിക്കുകയാണെങ്കില്‍ അതിനെ ഒറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസിന്റെ ചിലവില്‍ തന്നെ ചില പ്രദേശങ്ങളൊഴികെ തൃണമൂല്‍ വിജയിക്കും.
അടുത്ത പേജില്‍ തുടരുന്നു
കൂടാതെ കോണ്‍ഗ്രസുമായി ഇടതുപക്ഷം ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏതെങ്കിലും തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുകയാണെങ്കില്‍ അത് തന്ത്രപരമായ ദുരന്തത്തിലായിരിക്കും ഇന്ന് കലാശിക്കുക. കാരണം അത്തരമൊരു നടപടി ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ടുചെയ്യുന്ന ഒരു വന്‍വിഭാഗത്തെ ആട്ടിയകറ്റും. അത്തരമൊരു കൊഴിയല്‍ നന്ദിഗ്രാം സിങ്കൂര്‍ തുടങ്ങിയ എപ്പിസോഡുകളെ തുടര്‍ന്ന് സംഭവിച്ച് കഴിഞ്ഞിട്ടുണ്ട്. ബംഗാളിലെ ബഹുഭൂരിപക്ഷം പേരും ജനവിരുദ്ധരെന്നും അഴിമതിക്കാരെന്നും അവസരവാദികളെന്നും കരുതുന്ന കോണ്‍ഗ്രസുമായി ഒരു തത്വരഹിതമായ കരാറില്‍ ഇടതുപക്ഷം വന്നുവെന്ന് കണ്ടാല്‍ ആ കൊഴിഞ്ഞുപോക്കിന് ആക്കം കൂടും.
ബംഗാളില്‍ നിന്നുള്ള എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ബംഗാളിയെ തിരഞ്ഞെടുക്കാന്‍ ബാധ്യതയുണ്ട് എന്ന വാദം ശിവസേന, ആംറ ബംഗാളി (ഞങ്ങള്‍ ബംഗാളികള്‍) മുതലായവരുടെ രാഷ്ട്രീയങ്ങളുടെ അതേ ശബ്ദത്തോടുകൂടിയതാണ്. അത്തരം ഗിമ്മിക്കുകളെ തിരിച്ചറിയാനും ബംഗാളികള്‍ ഏതുരാഷ്ട്രീയത്തിനു വേണ്ടിയാണ് നിലയുറപ്പിക്കേണ്ടതെന്ന് ചോദിക്കുന്ന തരത്തില്‍ ബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗം ബുദ്ധിപരമായും ചരിത്രപരമായും എത്തിച്ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് 1980 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പ്രണബ് മുഖര്‍ജി 2004ല്‍ മാത്രം പശ്ചിമബംഗാളില്‍ നിന്നും വിജയിച്ചത്. ഈ ബൂര്‍ഷ്വാ കമന്റേറ്റര്‍മാരുടെ വിലാപങ്ങള്‍ക്കുപകരം പശ്ചിമബംഗാളിലെ വോട്ടര്‍മാര്‍ സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും ആവര്‍ത്തിച്ച് കൈനിറയെ വിജയിപ്പിച്ചിട്ടുണ്ട്, അതും 1996-ല്‍ ജ്യോതിബസു പ്രധാനമന്ത്രിയാകാതിരുന്നിട്ടുകൂടി. ഈ ഒരു വസ്തുത നിലനില്‍ക്കുന്നുണ്ട്. 2008-നു ശേഷം, അതായത് (1996 നും 2008 നും ഇടയ്ക്കുള്ള 3 ലോകസഭ തിരഞ്ഞെടുപ്പിലും 2 അസംബ്ലി തിരഞ്ഞെടുപ്പിലും ഇടതുമുന്നണി നല്ലനിലയില്‍ വിജയിച്ചിട്ടുണ്ട്.) നന്ദിഗ്രാം/സിങ്കൂര്‍ സംഭവങ്ങള്‍ക്കുശേഷം മാത്രമാണ് അവര്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ തുടങ്ങിയത്.
സുപ്രധാന വിഷയം വര്‍ഗ രാഷ്ട്രീയമാണ്, ഭൂമിയുടേയും ജീവനോപാധിയുടേയും വിഷയമാണ്. പശ്ചിമബംഗാള്‍ വോട്ടര്‍മാരുടെ കേന്ദ്രവിഷയം സാമൂഹിക നീതിയാണ്. അവരില്‍ തന്നെ ബഹുപൂരിപക്ഷം പേരും തൊഴിലാളികളും ചെറുകിട കര്‍ഷകരും കാര്‍ഷിക തൊഴിലാളികളുമാണ്. ഒരു വന്‍വിഭാഗം ദളിത്, ആദിവാസി, മുസ്ലീം പശ്ചാത്തലമുള്ളവരാണ്. വിലകുറഞ്ഞ പ്രാദേശിക സങ്കുചിത വാദം അവരിലുള്ളത് അവരുടെ രാഷ്ട്രീയ പാപരത്വത്തിന്റേയും വൈകല്യത്തിന്റേയും ഭാഗണ്.
തങ്ങളുടെ തീരുമാനത്തെ വിശദീകരിക്കുവാന്‍ കൃത്യമായ യുക്തി പാര്‍ട്ടി നേതൃത്വത്തിനില്ല എന്നതും മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയ കുറിച്ചുള്ള ചിത്രവും പ്രാദേശികവും ഭാഷാപരവുമായ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം വിഘടിപ്പിക്കപ്പെട്ടു എന്ന പരിവേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഖിലേന്ത്യാപാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന ചിത്രത്തിന് വന്‍തോതില്‍ ഇത് കോട്ടം വന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ രാജി ?
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നോമിനിയായ പ്രണബിനെ പിന്തുണയ്ക്കുന്ന പോളിറ്റ്ബ്യൂറോ തീരുമാനത്തിനെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു. പാര്‍ട്ടി ചെയ്യുന്ന വലിയ അബദ്ധമായി ഞാന്‍ ഇതിനെ കാണുന്നു. ഇത് ഇടതുപക്ഷത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഞാന്‍ കരുതുന്നു. 2007 നുശേഷം പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ച് അബന്ധങ്ങള്‍ ചെയ്യുന്നുണ്ട്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുത്തത്, പോലീസ് വെടിവെപ്പ്, ആണവകരാറുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എയെ സമീപിക്കാന്‍ യു.പി.എ സര്‍ക്കാരിനെ അനുവദിച്ചത്. 2009 ല്‍ കോണ്‍ഗ്രസേതര മതേതര സര്‍ക്കാരിനായി ആഹ്വാനം കൊടുക്കുന്നതുള്‍പ്പെടെ. എന്നിട്ടോ സന്തോഷത്തോടെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പാര്‍ട്ടി കോണ്‍ഫെറെന്‍സുകളില്‍ അവയൊക്കെ അംഗീകരിക്കുകയും തെറ്റുതിരുത്തല്‍ നടത്തുകയും ചെയ്യുന്നു. എന്നിട്ട് ഈ നേതൃത്വം കടുത്ത തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ഭൂതകാലത്തില്‍ നിന്നും യാതൊരു പാഠവും ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറാവുന്നില്ല. പാര്‍ട്ടി അംഗങ്ങളാകട്ടെ തങ്ങളുടെ പരാതികള്‍ ബധിരകര്‍ണ്ണങ്ങലിലാണ് പതിക്കുന്നതെന്നോര്‍ത്ത് ആമ്പരപ്പുള്ളവരും രോക്ഷകൂലരുമാണ്. അതുകൊണ്ട് വേദനയോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വേദനയോടെ രാജി വെയ്ക്കുന്നു.