ന്യൂദല്‍ഹി: സി.പി.ഐ.എം ജെ.എന്‍.യു ബ്രാഞ്ച് കമ്മിറ്റിയില്‍ കൂട്ടരാജി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. 17 അംഗ ബ്രാഞ്ച് കമ്മിറ്റിയിലെ 15 പേരും പാര്‍ട്ടി തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രാജി നല്‍കി.
പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള പൊളിറ്റ്ബ്യൂറോ തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ റിസര്‍ച്ച് സെല്‍ കണ്‍വീനറുമായ പ്രസന്‍ജിത് ബോസ് നേരത്തെ രാജി നല്‍കിയിരുന്നു. പ്രസന്‍ജിത്തിന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ പേര്‍ രാജിവെക്കുന്നത്.
പ്രണബിനെ പി.ബി. തീരുമാനം കാപട്യവും ഇരട്ടത്താപ്പുമാണെന്ന് രാജിക്ക് പിന്നാലെ പ്രസന്‍ജിത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ ആരോപിച്ചിരുന്നു. സി.പി.ഐ.എം നേതൃത്വം ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലയില്‍ തുടര്‍ച്ചയായി പിഴവുകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെ.എന്‍.യു ബ്രാഞ്ച് കമ്മിറ്റി യോഗം വിളിച്ച് പ്രകാശ് കാരാട്ട് പാര്‍ട്ടി നിലപാട് വിശദീകരിച്ചിരുന്നു. ഈ വിശദീകരണത്തിനും അംഗങ്ങളെ തൃപ്തിപ്പെടുത്താനായിട്ടില്ലെന്നാണ് പുതിയ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.
അടുത്തകാലത്തായി ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ.എന്‍.യുവിന്റെ ഭരണം എസ്.എഫ്.ഐയില്‍ നിന്നും സി.പി.ഐ.(എം.എല്‍) ലിബറേഷന്റെ വിദ്യാര്‍ത്ഥി വിഭാഗമായ AISA നേടിയിരുന്നു. എസ്.എഫ്.ഐ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.