| Monday, 1st July 2019, 1:58 pm

രാഹുലിന് വേണ്ടി സ്ഥാനത്യാഗം തുടരുന്നു; കോണ്‍ഗ്രസില്‍ രണ്ട് നേതാക്കള്‍ കൂടി പദവികള്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിന്തുണ നല്‍കി കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. പാര്‍ട്ടിയുടെ ദളിത് സംഘടനാ അധ്യക്ഷന്‍ നിതിന്‍ റൗട്ട്, യു.പി കോണ്‍ഗ്രസ് സെക്രട്ടറി അജയ് സാരസ്വത് സോണി എന്നിവരാണ് പദവികള്‍ ഇന്ന് രാജിവെച്ചത്.

ഇരുവരും രാഹുലിനു പിന്തുണ നല്‍കുന്നതിനുവേണ്ടി സ്ഥാനത്യാഗം ചെയ്യുന്നതായി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നാനാ പടോലെ രാജിവെച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തായിരുന്നു രാജി.

കഴിഞ്ഞ ദിവസങ്ങളിലും രാഹുല്‍ഗാന്ധിയെ പിന്തുണച്ചുകൊണ്ട് നിരവധി നേതാക്കള്‍ രാജി വെച്ചിരുന്നു. പുതിയ ടീമിനെയും നേതൃത്വത്തെയും രാഹുല്‍ഗാന്ധി തന്നെ തെരഞ്ഞെടുക്കട്ടെ എന്ന ഉദ്ദേശ്യത്തിലാണ് നേതാക്കളുടെ രാജി.

‘പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടായതാണ്. ഞാന്‍ കിസാന്‍ കോണ്‍ഗ്രസ്-എഫ്.ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയും കിസാന്‍ കോണ്‍ഗ്രസ് ബോഡി പിരിച്ചുവിടുകയും ചെയ്യുന്നു. രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒപ്പം നില്‍ക്കുന്നു.’ എന്നും നാനാ പടോലെ പറഞ്ഞു.

ഇദ്ദേഹത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജിത് സിംഗ് ജുദേവ്, ജനറല്‍ സെക്രട്ടറി ആധ്ന മിശ്ര മോന, വൈസ് പ്രസിഡന്റ് ആര്‍.പി ത്രിപതി അടക്കം പത്ത് നേതാക്കള്‍ രാജിവെച്ചിരുന്നു.

മീഡിയ കോര്‍ഡിനേറ്റര്‍ രാജീവ് ബക്ഷി, ജോയിന്റ് മീഡിയ കോര്‍ഡിനേറ്റര്‍ പീയൂഷ് മിശ്ര, പാര്‍ട്ടി നേതാക്കളായ ഓങ്കര്‍ നാഥ് സിംഗ്, അമര്‍നാഥ് അഗര്‍വാള്‍, മുകേഷ് സിംഗ് ചൗ ഹാന്‍, പ്രിയങ്ക ഗുപ്ത, അശോക് സിംഗ് എന്നിവരും രാജി വെച്ചിരുന്നു. സംസ്ഥാന പാര്‍ട്ടി യൂണിറ്റില്‍ നിന്നും രാജി തുടരാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശത്തിലായിരുന്നു നടപടി. പിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more