| Saturday, 7th September 2024, 4:22 pm

ഹരിയാന ബി.ജെ.പിയില്‍ തുടർച്ചയായ രാജി; ബായ് പറഞ്ഞ് മുന്‍ മന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാന ബി.ജെ.പിയില്‍ വീണ്ടും രാജി. മുന്‍മന്ത്രിയായ ബച്ചന്‍ സിങ് ആര്യയാണ് ബി.ജെ.പി വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പിടിക്കാതെ വന്നതോടെയാണ് രാജി.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സഫിഡോണില്‍ സീറ്റ് ലഭിക്കുമെന്ന് ബച്ചന്‍ സിങ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ ജെ.ജെ.പി എം.എല്‍.എ രാംകുമാര്‍ ഗൗതമിനെ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്‍ മന്ത്രി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

2019ലെ തെരഞ്ഞെടുപ്പില്‍ സഫിഡോണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ബച്ചന്‍ സിങ് മൂവായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം സീറ്റ് നിഷേധിച്ചത്.

ബച്ചന്‍ സിങ്ങും രാജിവെച്ചതോടെ ഹരിയാന ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയ, രതിയ എം.എല്‍.എ ലക്ഷ്മണന്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബേജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി വിട്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാതെ വന്നതോടെയാണ് മൂവരും രാജിവെച്ചത്.

67 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. ഇതില്‍ ഒമ്പത് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രിമാര്‍ അടക്കം രാജിവെക്കുന്ന സ്ഥിതിയുണ്ടായത്.

ആദ്യപട്ടികക്കെതിരെ സഹമന്ത്രി ബിഷംബര്‍ സിങ്ങും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇനിയും കൂടുതല്‍ നേതാക്കള്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചാം തീയതി നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയതിയില്‍ മാറ്റം വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് നല്‍കുകയായിരുന്നു.

നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഒക്ടോബര്‍ നാലിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതോടെ, ഫലം ഒക്ടോബര്‍ എട്ടിനായിക്കും ഇനി പ്രഖ്യാപിക്കുക. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Resignation from Haryana BJP again

We use cookies to give you the best possible experience. Learn more