തെല്‍അവീവ്: ഫലസ്തീന് നേരെ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിലും തുടരെയുള്ള ബോംബാക്രമണത്തിലും പ്രതിഷേധിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് യായ്ര്‍ ലാപിഡ്. നെതന്യാഹു ഉടന്‍ സ്ഥാനമൊഴിയണമെന്നും ഫലസ്തീനിലെ സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ പെരുമാറ്റം ഇല്ലാതാക്കാമെന്നും ലാപിഡ് പറഞ്ഞു.
മറ്റൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കുന്ന അവിശ്വാസ വോട്ടെടുപ്പിന് പാര്‍ലമെന്റ് തയ്യാറാവണമെന്ന് ലാപിഡ് ആവശ്യപ്പെട്ടു. തങ്ങള്‍ക്കൊരു മാറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രിയായി തുടരാന്‍ നെതന്യാഹുവിന് കഴിവില്ലെന്നും യോഗ്യതയില്ലെന്നും ലാപിഡ് പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണം തടയുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനം ക്ഷമിക്കാനാവാത്ത രീതിയില്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് കീഴില്‍ തുടരാന്‍ സാധിക്കില്ലെന്ന് ലാപിഡ് വ്യക്തമാക്കി.
ഹമാസിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് നെതന്യാഹുവും മറ്റൊരു പ്രതിപക്ഷ നേതാവുമായ ബെന്നി ഗ്യാന്റസും യുദ്ധകാലയളവിലേക്ക് അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്രഈല്‍ പ്രതിപക്ഷ നേതാവായ ലാപിഡ് ഈ തീരുമാനത്തെ തിരസ്‌കരിച്ചു.
പകരം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത് ദേശീയ പുനര്‍നിര്‍മാണം നടത്തണമെന്ന് ലാപിഡ് ആവശ്യപ്പെട്ടു. പൊതുവായ തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിന് ഉതകുന്നതല്ലെന്നും ലാപിഡ് ചൂണ്ടിക്കാട്ടി.
ആദ്യമായാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ലാപിഡ് ആവശ്യപ്പെടുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന്റെ തുടക്ക സമയത്ത് ചില നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനായി ലികുഡ് പാര്‍ട്ടിയെ സമീപിച്ചിരുന്നെങ്കിലും നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ലാപിഡ് ഒരു ടെലഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. അത്തരം പെരുമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Resign and get out: Israeli opposition leader against Netanyahu