| Monday, 19th February 2018, 1:55 pm

പുഴയെ കാക്കാന്‍ ഒരു നാട് ഉറക്കമൊഴിയുന്നു...

നിമിഷ ടോം

തൃശ്ശൂര്‍ ജില്ലയിലെ കാതിക്കുടത്തെ നാട്ടുകാര്‍ രാത്രിയത്താഴം കഴിഞ്ഞാല്‍ ഇപ്പോള്‍ നേരെ പോകുന്നത് പുഴയോരത്തേക്കാണ്. ചാലക്കുടിപ്പുഴയുടെ കടവിലെ മണപ്പുറത്ത് താത്കാലികമായി നിര്‍മിച്ച കുടിലില്‍ റാന്തല്‍ വെളിച്ചത്തിന്റെ പ്രകാശത്തിലിരുന്ന് നേരം പുലരുവോളം അവര്‍ പുഴയ്ക്ക് കാവലൊരുക്കുകയാണ്. പിറന്ന മണ്ണിലെ പുഴയും നാടിന്റെ നീര്‍ച്ചാലുകളും മരിക്കാതിരിക്കാന്‍. വര്‍ഷങ്ങളായിത്തുടരുന്ന ജലമൂറ്റലും മലിനീകരണവും മൂലം ചാലക്കുടിപ്പുഴയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന നീറ്റാ ജലാറ്റിന്‍ കമ്പനി ഇരുട്ടിന്റെ മറവില്‍ നടത്തുന്ന രൂക്ഷമായ ജലമൂറ്റല്‍ തടയാനാണ് പ്രദേശത്തെ യുവാക്കളുടെ മുന്‍കൈയിലുള്ള ഒരു സംഘം പുഴയ്ക്ക് കാവലൊരുക്കിയിരിക്കുന്നത്.

നിറ്റ ജെലാറ്റിന്റെ പമ്പ് ഹൗസിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കമ്പനി പുഴയില്‍ നിന്നും ഒരു തോട് നിര്‍മ്മിച്ചിരുന്നു. ഇത് തടയാന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തോടിന് കുറുകെ നാട്ടുകാര്‍ ബണ്ട് കെട്ടി. എന്നാല്‍ ഈ ബണ്ട് പൊട്ടിച്ച് ജലമൂറ്റാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇത് എത് വിധേനയും തടയും എന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. രണ്ടാഴ്ച മുമ്പാണ് നാട്ടുകാര്‍ തോടിന് കുറുകെ ബണ്ട് പണിത് കമ്പനിയുടെ അനധികൃത ജലമൂറ്റല്‍ ചെറുത്തുതുടങ്ങിയത്.

ബണ്ട് പൊട്ടിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ കാതിക്കുടം ജനത ഒറ്റക്കെട്ടാണ്. പതിനഞ്ചും ഇരുപതും വരുന്ന ആളുകളുടെ സംഘം മാറിമാറിയാണ് കാവലിരിക്കുന്നത്. പ്രദേശത്തിന്റെ നിലനില്‍പിന്റെ തന്നെ ആധാരമായ പുഴയെ കട്ടുകൊണ്ടുപോകാനും നശിപ്പിക്കാനും ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനി

കടുത്ത വേനലിന്റെ സൂചനകള്‍ ഉണ്ടായിട്ടും നീറ്റാ ജലാറ്റിന്‍ കമ്പനിക്ക് ചാലക്കുടിപ്പുഴയില്‍ നിന്നും നിര്‍ബാധം വെള്ളമെടുക്കാം എന്ന നിലപാടിലാണ് അധികാരികള്‍. ജലസേചനവകുപ്പും കമ്പനിക്ക് ഒത്താശയുമായി തന്നെയാണ് നില്‍ക്കുന്നത്. കമ്പനി നിര്‍മ്മിച്ച തോടിന് അനുമതി നല്‍കണമെന്ന ലക്ഷ്യത്തോടെ വകുപ്പ് പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ കുടിവെള്ളവും ചാലക്കുടിപ്പുഴയുടെ നീരൊഴുക്കും കവര്‍ന്നെടുക്കുന്ന ഒരു നീക്കത്തേയും പിന്തുണക്കില്ല എന്ന നിലപാടിലാണ് പഞ്ചായത്ത്.

പ്രതിദിനം 62 ലക്ഷം ലിറ്റര്‍ ജലം കമ്പനി ആവശ്യത്തിന് എടുക്കാം എന്നതാണ് കരാര്‍. എന്നാല്‍ അനുവദനീയമായതിലും മൂന്നിരട്ടി ഉദ്പാദനമാണ് കമ്പനി ദിവസവും നടത്തുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ 62 ലക്ഷം ലിറ്റര്‍ ജലത്തിന്റെ മൂന്നരട്ടി പ്രതിദിന ഉപയോഗത്തിന് ആവശ്യമായി വരുന്നുണ്ട്. ഇത് കമ്പനി യധേഷ്ടം പുഴയില്‍ നിന്നും ഊറ്റിയെടുക്കുകയാണ്.

കന്നുകാലികളുടെ എല്ലും സള്‍ഫ്യൂരിക്കാസിഡുമാണ് കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 120 ടണ്‍ എല്ലും 1.2 ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ലോറിക്കാസിഡും ഉപയോഗിക്കുന്നു. ഇതിനായി 62 ലക്ഷം ലിറ്റര്‍ ജലം യാതൊരു അനുമതിയുമില്ലാതെ ചാലക്കുടി പുഴയില്‍ നിന്നും നേരിട്ടെടുക്കുന്നു. ഉപയോഗശേഷം അവശേഷിക്കുന്ന വിഷജലം യാതൊരു തരം ശുദ്ധീകരണവും നടത്താതെ പുഴയിലേക്ക് തന്നെയാണ് തിരിച്ചൊഴുക്കുന്നത്.

കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ശുദ്ധജലമത്സ്യങ്ങളുടെ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ സംരക്ഷണപ്രാധാന്യമര്‍ഹിക്കുന്നതാണ് ചാലക്കുടിപ്പുഴ. എന്നാല്‍ പുഴയുടെയും വൃഷ്ടിപ്രദേശങ്ങളിലെയും സകലമാന ആവാസവ്യസ്ഥകളെയും തകിടം മറിക്കുന്ന ചൂഷണമാണ് കമ്പനി തുടരുന്നത്. പുഴയിലെ വെള്ളം നിശ്ചിത അളവില്‍ കൂടുതല്‍ ഊറ്റിയാല്‍ പുഴയെ ആശ്രയിക്കുന്ന ഒരു വലിയ ആവാസ വ്യവസ്ഥ തകരുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചാലക്കുടിപ്പുഴയെത്തന്നെ ഉദാഹരണമായി എടുത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.

മാരകമായ രാസപദാര്‍ത്ഥങ്ങളടങ്ങിയ വിഷജലം പുഴയിലേക്കൊഴുക്കുന്നുവെന്നത് അതിനേക്കാ ഭീകരമാണ്. ചാലക്കുടിപ്പുഴയില്‍ ഇടക്കിടെ കൂട്ടമായി ചത്തുപൊങ്ങുന്ന മീനുകള്‍ ഈ മലിനീകരണത്തിന്റെ നേര്‍ ഉദാഹരണങ്ങളാണ്. പുഴയില്‍ നിന്നും എത്രയധികം വെള്ളം കൂടുതലായി എടുക്കുന്നോ അത്രയും തന്നെ കമ്പനി മാലിന്യമായി പുഴയിലേക്ക് പുറന്തള്ളുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗം അനില്‍ കുമാര്‍ പറയുന്നു.

തൃശൂര്‍-എറണാകുളം ജില്ലകള്‍ കുടിവെള്ളത്തിനും ജലസേചനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും സമീപിക്കുന്ന ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഈ വര്‍ഷം വേനലിന്റെ ആരംഭത്തില്‍ തന്നെ പതിവിലും കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. കടുത്ത ജലപ്രതിസന്ധി നേരിടാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കെത്തന്നെ കമ്പനി ഇപ്പോള്‍ തുടരുന്ന ജലമൂറ്റല്‍ തുടര്‍ന്നാല്‍ തങ്ങളുടെ മാത്രമല്ല രണ്ട് ജില്ലകളുടേയും കുടിവെള്ളം മുട്ടുമെന്ന ആശങ്കയിലാണ് കാതിക്കുടത്തെ നാട്ടുകാര്‍. കാര്‍ഷിക അഭിവൃദ്ധിയുടെ കാര്യത്തില്‍ ഒരുകാലത്ത് പേരുകേട്ടവയായിരുന്നു കാതിക്കുടം, കാടുകുറ്റി, അന്നമനട, മാള എന്നീ പ്രദേശങ്ങള്‍. എന്നാല്‍ കമ്പനി പുഴയിലേക്കൊഴുക്കുന്ന മാലിന്യം പ്രദേശത്തെ ചെറുനീര്‍ച്ചാലുകളിലേക്കും വയലുകളിലേക്കും തോടുകളിലേക്കുമെല്ലാം പടര്‍ന്നതോടെ മണ്ണിന്റെ ഫലഭൂയിഷ്ടത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. നാടിന്റെ പരിസ്ഥിതിയെ മാത്രമല്ല നാട്ടുകാരുടെ ജീവിതത്തെക്കൂടിയാണ് ഇത് ബാധിച്ചത്.

കാതിക്കൂടം ജനത കമ്പനിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രദേശം നിരന്തരസമരങ്ങളില്‍ തന്നെയാണ്. ഏറെ ശ്രദ്ധയാകര്‍ഷിച്ച 2014 ലെ ജനകീയ പ്രക്ഷോങ്ങള്‍ക്കും തുടര്‍ന്ന് പോലീസ് നടത്തിയ നരനായാട്ടുകള്‍ക്കും ശേഷം പലകുറി ഇവര്‍ വീണ്ടും പ്രതിഷേധിച്ചിട്ടുണ്ട്. 2017 ജൂലൈ 9ന് കാതിക്കൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ രാസമാലിന്യം പിടിച്ചെടുത്ത് കമ്പനിയുടെ മുമ്പില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും തിരിച്ചിട്ടു.

രാസമാലിന്യങ്ങള്‍ പൊലീസ് സംരക്ഷണത്തോടെ പുഴയില്‍ ഒഴുക്കിവിടാനായി വാഹനത്തില്‍ കൊണ്ടുപോകവേയായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞത്. ഖരമാലിന്യങ്ങള്‍ യാതൊരു കാരണവശാലും ജലാശയങ്ങളില്‍ തള്ളരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ മറികടന്നുകൊണ്ടായിരുന്നു മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനായി കമ്പനി മുന്നിട്ടിറങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും ഇടപെട്ട് മാലിന്യം പിടിച്ചെടുക്കുകയും തുടര്‍ന്ന് മാലിന്യങ്ങള്‍ കമ്പനിയുടെ മുറ്റത്ത് തന്നെ തുറന്നിടുകയായിരുന്നെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം അനില്‍ കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിമിഷ ടോം

We use cookies to give you the best possible experience. Learn more