| Wednesday, 5th July 2023, 11:44 am

ബി.ജെ.പിയില്‍ അഴിച്ചുപണി; വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വ്യാപക അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റിക്കൊണ്ട് ബി.ജെ.പി അഴിച്ചുപണി നടത്തിയിരുന്നു. തെലങ്കാന, പഞ്ചാബ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരെയായിരുന്നു മാറ്റിയിരുന്നത്.

ജി. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായും ബാബുലാല്‍ മറാന്‍ഡിയെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനുമായാണ് നിയമിച്ചിരുന്നത്. പി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് പാര്‍ട്ടി അധ്യക്ഷയായും സുനില്‍ ജാഖറിനെ പഞ്ചാബിലെ അധ്യക്ഷനായും നിയമിച്ചിരുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.

കേന്ദ്രമന്ത്രി സഭയിലും പുനസംഘടന വരുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേന്ദ്ര മന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ നല്‍കുമെന്നാണ് സൂചന. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി വി.മുരളീധരന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കാനാണ് സാധ്യത. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നത് കേരളത്തില്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നാണ് വിവരം. എന്നാല്‍ നിലവിലെ അധ്യക്ഷനായ കെ. സുരേന്ദ്രന് ഏത് ചുമതല നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നേരത്തെ, സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ പ്രയോജനം കേരളത്തിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വന്നാല്‍ സാധ്യത അദ്ദേഹത്തിന് ആയിരിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.

കര്‍ണാടകയില്‍ അധ്യക്ഷ പദവിയിലേക്ക് അശ്വന്ത് നാരായണനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഗുജറാത്തില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയെയും പുരോഷോത്തം രൂപാലെയുമാണ് പരിഗണിക്കുന്നതെന്നാണ് വിവരം. ജമ്മുകശ്മീര്‍ അധ്യക്ഷ പദവിയിലേക്ക് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിനെയും മധ്യപ്രദേശില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെയും പ്രഹാദ് സിങ് പട്ടേലിനെയുമാണ് പരിഗണിക്കാന്‍ സാധ്യത.

Content Highlight: Reshuffle in bjp: V Muradheeran may become state president

We use cookies to give you the best possible experience. Learn more