കോഴിക്കോട്: സംഘപരിവാറിന്റെ ദേശദ്രോഹത്തിന്റെ ചാപ്പ നിലനില്‍ക്കുമ്പോഴും ലഭിച്ച മയിലമ്മ പുരസ്‌കാരം ബഹുമാനപൂര്‍വം സ്വീകരിക്കുന്നതായി സര്‍ക്കാര്‍ അഭിഭാഷക രശ്മിത രാമചന്ദ്രന്‍.
ജനുവരി അഞ്ചിന് മയിലമ്മ പുരസ്‌കാരം സ്വീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു അവരുടെ പ്രതികരണം.
ബ്രട്ടീഷുകാര്‍ ഇന്ത്യയിലുള്ള അത്രയും കാലം അവരുടെ ചെരുപ്പിന്റെ തിളക്കം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍, ബ്രട്ടീഷുകാര്‍ കപ്പല്‍ കടന്നതോടുകൂടി പുതിയ ദേശസ്‌നേഹികളായി ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത തനിക്കില്ല. എന്റെ രാഷ്ട്ര സ്‌നേഹം ഏതെങ്കിലും സംഘപരിവാര്‍ ഹാന്റിലുകള്‍ നിയന്ത്രിക്കുന്ന ഒന്നല്ലെന്നും രശ്മിത പറഞ്ഞു.
തന്നെ ദേശദ്രോഹിയാക്കാന്‍ ചിലര്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ നിലപാട് അറിയാന്‍ ഒരു പ്രതിസന്ധി ഘട്ടം നന്നായി ഉപകരിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. പ്ലാച്ചിമട സമര നായിക മയിലമ്മയുടെ പേരിലുള്ള അംഗീകാരം വിലമതിക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സൈന്യം മകളെ അറസ്റ്റ് ചെയ്യാന്‍ പോകുമെന്ന് ക്യാന്‍സര്‍ രോഗിയായ അമ്മയെപോലും സംഘപരിവാര്‍ ഭീഷണപ്പെടുത്തി. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു കോമയുടെ നീളം മാറ്റാന്‍ ആര്‍ക്കും കഴിയില്ല. എന്നെ രാഷ്ട്ര സ്‌നേഹം പഠിപ്പിക്കാന്‍ രാജ്യത്തിന്റെ ഭരണ ഘടനയും രാജ്യത്തിന്റെ ചരിത്രവുമുണ്ട്,’ രശ്മിത രാമചന്ദ്രന്‍ പറഞ്ഞു.
മയിലമ്മ ഫൗണ്ടേഷന്‍ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്.
പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും ജനകീയസമരങ്ങള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
നേരത്തെ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പേരില്‍ രശ്മിതക്കെതിരെ സംഘപരിവാര്‍ അക്രമണമുണ്ടായിരുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത പോസ്റ്റില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Reshmitha Ramachandran said that she accepts the Mayilamma Award with honor despite the chaplaincy of the Sangh Parivar’s treason.