| Thursday, 9th December 2021, 6:38 pm

ഹെയ്‌റ്റേഴ്‌സിന് മാറ്റിവെക്കാന്‍ സമയമില്ല; ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച പോസ്റ്റിന് പിന്നാലെയുള്ള സൈബര്‍ ആക്രമണത്തില്‍ രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍.

ഹെയ്‌റ്റേഴ്‌സിന് മാറ്റിവെക്കാന്‍ സമയമില്ലെന്നും താന്‍ സ്‌നേഹത്തിന്റെ പ്രപഞ്ചത്തിലാണന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ വ്യാപക സൈബര്‍ ആക്രണങ്ങളാണ് രശ്മിതക്കുനേരെ നടന്നുകൊണ്ടിരിക്കുന്നത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലാണ് രശ്മിത കുറിപ്പില്‍ പറയുന്നത്.

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് രശ്മിത ഉന്നയിച്ചിരുന്നത്.

കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ പറഞ്ഞിരുന്നു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

അപകടം സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തവേ പ്രതിരോധമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും രാജ്നാഥ് സിങ് വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെയാണ് കുനൂരിനു സമീപം സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ മരിച്ചത്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ പ്രദീപ് അറക്കലും അപകടത്തില്‍ മരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Reshmitha Ramachandran's responds in a cyber attack following a post criticizing Bipin Rawat's stance
We use cookies to give you the best possible experience. Learn more