ദളപതി 66 ല്‍ നായികയാവാന്‍ രശ്മിക മന്ദാന. പൂഡ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഇന്ത്യാ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംവിധായകന്‍ വംശി പെഡിപ്പിള്ളിയും നിര്‍മാതാവ് ദില്‍ രാജുവും താരത്തെ തങ്ങളുടെ സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് പ്രതികരിച്ചു.
വിജയ്‌യുടെ കടുത്ത ആരാധിക കൂടിയാണ് രശ്മിക. ഇത് താരം നിരവധി പൊതുവേദികളില്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
ചിത്രത്തിനായി ഒരു ബംഗ്ലാവിന്റെ വലിയ സെറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഷൂട്ട് തുടങ്ങാനാണ് തീരുമാനം. അതേസമയം സെറ്റിന്റെ പണി വിചാരിച്ച വേഗത്തില്‍ പൂര്‍ത്തിയായില്ലെങ്കില്‍ രശ്മികയും വിജയ്‌യും ഒരുമിച്ചുള്ള ഗാനം ചിത്രീകരിക്കും.
ദളപതി 66 ല്‍ തെലുങ്കു താരം നാനിയുമെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നേരത്തെ തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയേയും തമിഴ് താരം കാര്‍ത്തിക്കിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വംശി ‘തോഴാ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.
‘ബീസ്റ്റാ’ണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. മാര്‍ച്ച് 20 തിന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Content Highlight: Reshmika Mandana to play Vijay’s heroine