| Tuesday, 3rd January 2023, 11:59 pm

എനിക്ക് നുണ പറയാനൊന്നും അറിയില്ല, എവിടെ ചെന്നാലും വിജയ് സാര്‍ എന്റെ ക്രഷ് ആണെന്ന് പറയും: രശ്മിക മന്ദാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം വാരിസിന് വേണ്ടിയുള്ള കാത്തിപ്പിലാണ് തെന്നിന്ത്യയാകെ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ കടുത്ത ആരാധികയായ രശ്മികയാണ് ചിത്രത്തില്‍ നായികയാവുന്നത്. കഴിഞ്ഞ ദിവസം വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. പരിപാടിയിലെ രശ്മികയുടെ പ്രസംഗം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വിജയ്‌യോടുള്ള തന്റെ ആരാധനയെ പറ്റിയാണ് രശ്മിക പ്രസംഗത്തില്‍ മുഴുവന്‍ സംസാരിച്ചത്.

‘വിജയ് സാറെന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് എല്ലായിടത്തും ഞാന്‍ പോയി പറഞ്ഞിട്ടുണ്ട്. എനിക്ക് നുണ പറയാനൊന്നും അറിയില്ല. എവിടെ ചെന്നാലും ഫേവറൈറ്റ് ആക്ടര്‍ ആരാണെന്നോ ക്രഷ് ആരാണെന്നോ ചോദിച്ചാല്‍ വിജയ് സാറെന്ന് ഞാന്‍ പറയും.

വാരിസ് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ എനിക്ക് വിജയ് സാറിനെ കാണണം, അത്രയേയുള്ളൂ. ഞാന്‍ ശല്യപ്പെടുത്തത്തൊന്നുമില്ല. ഒരു സൈഡില്‍ ഇരുന്ന് കണ്ടിട്ട് പൊക്കോളാം എന്നാണ് വംശി സാറിനോട് പറഞ്ഞത്. പക്ഷേ ഇങ്ങനെയൊരു അവസരം എനിക്ക് തന്നതിന് വംശി സാറിനോട് നന്ദി പറയുന്നു.

സിനിമയുടെ പൂജക്കിടിയില്‍ വിജയ് സാറിനോട് സംസാരിക്കാന്‍ വളരെയധികം പ്രിപ്പറേഷനോടെയാണ് പോയത്. സാറിന്റെ അടുത്ത് പോയി എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോള്‍ എന്തൊരു ക്യൂട്ടായിരുന്നു. സൂപ്പര്‍ ക്യൂട്ടായിരുന്നു. ഷൂട്ടിങ് ടൈമില്‍ മുഴുവന്‍ ഞാന്‍ സാറിനെ ഇറിട്ടേറ്റ് ചെയ്യുകയായിരുന്നു. സാറിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു,’ രശ്മിക പറഞ്ഞു.

വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് വാരിസില്‍ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മാണം. ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Content Highlight: reshmika mandana speech about vijay

Latest Stories

We use cookies to give you the best possible experience. Learn more