| Friday, 19th October 2018, 11:55 am

രഹന ഫാത്തിമ കെ. സുരേന്ദ്രനുമായി മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തി; ഫേസ്ബുക്കില്‍ ആരോപണവുമായി രശ്മി നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എറണാകുളം സ്വദേശി രഹന ഫാത്തിമ ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി
കിസ് ഓഫ് ലവ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രശ്മി നായര്‍. കിസ് ഓഫ് ലവ് മൂവ്‌മെന്റില്‍ സഹപ്രവര്‍ത്തകരായിരുന്നു രഹനയും രശ്മിയും.

ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രഹനയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങളെന്നും രശ്മി ആരോപിച്ചു.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി പറയുന്നു.

“രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ. സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം TV വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.” എന്നാണ് രശ്മി പറയുന്നത്.

Also Read:ചെറുപ്പത്തില്‍ മുസ്‌ലിം പേര് മാറ്റാന്‍ ശ്രമിച്ചു; ഹിന്ദുവായി ജീവിക്കാന്‍ ആഗ്രഹിച്ചു:ശബരിമലയിലേക്ക് പോയ രഹനയുടെ മുന്‍ നിലപാട് ഇതായിരുന്നു

ഇന്നു രാവിലെയാണ് ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹം വ്യക്തമാക്കി രഹന ഫാത്തിമ പമ്പയിലെത്തിയത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ അവര്‍ നടപ്പന്തല്‍വരെയെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടപ്പന്തലിനു സമീപം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അവിടെ തടയുകയായിരുന്നു. ഇതിനിടെ യുവതികള്‍ പ്രതിഷേധിച്ചാല്‍ ശ്രീകോവില്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി തന്ത്രിയും രംഗത്തെത്തി. കൂടാതെ പരികര്‍മികള്‍ പതിനെട്ടാം പടിക്കു സമീപം പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് സമരം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ തിരിച്ചുപോകാന്‍ പൊലീസിനെ സന്നദ്ധത അറിയിക്കുകയായിരുന്നു.

Also Read: രഹന ഫാത്തിമ പതിമൂന്ന് വര്‍ഷമായി വേദപഠനം നടത്തിവരികയാണ്: ഭര്‍ത്താവ് മനോജ്

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്നും രശ്മി പറയുന്നു. “അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ കൊട്ടേഷന്‍ എടുത്ത മുസ്‌ലിം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു. ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഡി.ജെ പാര്‍ട്ടി നടത്താനുള്ള ഇടമല്ല” എന്നും രശ്മി പറയുന്നു.

We use cookies to give you the best possible experience. Learn more