| Monday, 25th December 2023, 2:13 pm

നേരിന്റെ പോസ്റ്റര്‍ വന്നതിന് ശേഷം ഒരുപാട് ചാന്‍സ് കിട്ടി; ഉര്‍വശി ചേച്ചി ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു: രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളിലും താരം സജീവമായിരുന്നു. എറ്റവും പുതുതായി തിയേറ്ററിലെത്തിയ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ‘നേര്’ സിനിമയിലും രശ്മി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

‘തോപ്പില്‍ ജോപ്പന്‍’, ‘ലൈഫ് ഓഫ് ജോസൂട്ടി’ ഉള്‍പ്പെടെയുള്ള സിനിമകളിലും താരം ഭാഗമായിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരിന് ശേഷം തനിക്ക് കിട്ടിയ അവസരങ്ങളെ പറ്റി സംസാരിക്കുകയാണ് രശ്മി.

‘എനിക്ക് നേരിന്റെ പോസ്റ്റര്‍ വന്നതിന്റെ ശേഷം ഒരുപാട് നല്ല ചാന്‍സ് വന്നു. മന്ദാകിനി എന്ന സിനിമയിലേക്ക് വിളിച്ചു. ജനുവരിയില്‍ ഒരു പതിനഞ്ച് ദിവസം ഡേറ്റ് വേണമെന്ന് പറഞ്ഞാണ് അവര്‍ വിളിക്കുന്നത്. സഞ്ജു എന്ന് പറയുന്ന ഒരു കായംകുളത്തുകാരനാണ് അതിന്റെ പ്രൊഡ്യൂസര്‍.

ഇതിന് മുമ്പ് ഞാന്‍ ചെയ്ത സിനിമയിലെ ഒരു പ്രൊഡ്യൂസര്‍ ആയിരുന്നു പുള്ളി. സിനിമയില്‍ സി.ഐ.ഡി ശാന്ത എന്നാണ് കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രം വന്നതും പുള്ളി ഉടനെ പറഞ്ഞത് ഇത് രശ്മിക്ക് കൊടുക്കണം എന്നായിരുന്നു. ആ നാട്ടിലെ പരദൂഷണം മുഴുവന്‍ പറയുന്ന കഥാപാത്രമാണ് അത്. (ചിരി)

അത് കഴിഞ്ഞാണ് ഉര്‍വശി ചേച്ചിയുടെ സിനിമയിലേക്ക് വിളിക്കുന്നത്. മുമ്പ് ചേച്ചിയുടെ കൂടെ ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഉര്‍വശി ചേച്ചിയാണ് എന്നെ ഈ പുതിയ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഞാന്‍ ആ സിനിമയില്‍ വേണമെന്ന് പറയുന്നത് ചേച്ചിയാണ്. കരുനാഗപ്പള്ളിക്കാരി കൊച്ചിനെ വിളിക്കാനാണത്രേ ചേച്ചി പറഞ്ഞത്. (ചിരി)

ചിലപ്പോള്‍ ചേച്ചിക്ക് ആ സമയത്ത് എന്റെ പേര് കിട്ടികാണില്ല. ആദ്യം കണ്ട്രോളര്‍ ഷാഫി ചെമ്മാടാണ് എനിക്ക് ആദ്യം മെസേജ് അയക്കുന്നത്. എവിടെയാണ് രശ്മിയുടെ സ്ഥലമെന്ന് ചോദിച്ചു കൊണ്ട് എനിക്ക് പുള്ളി വോയിസ് നോട്ട് ഇട്ടു. ചേച്ചി വേറെ ആരെയെങ്കിലുമാണോ ഉദ്ദേശിച്ചതെന്ന സംശയമായിരുന്നു അവര്‍ക്ക്.

അതുപോലെ മുമ്പ് ഞാന്‍ ഒരു സ്‌കിറ്റ് ചെയ്തപ്പോള്‍ ജഡ്ജായിട്ട് ഉണ്ടായിരുന്നത് ഉര്‍വശി ചേച്ചിയായിരുന്നു. അന്ന് ആ സ്‌കിറ്റില്‍ എനിക്ക് വോയിസ് തന്നത് മറ്റൊരാളായിരുന്നു. തുടക്ക സമയമായിരുന്നു അത്. അന്ന് ചേച്ചി ‘രശ്മി ഒരിക്കലും നീ പെര്‍ഫോം ചെയ്യുമ്പോള്‍ വേറെ ആളെ കൊണ്ട് റെക്കോഡ് ചെയ്യിക്കരുത്. നിന്റെ വോയിസ് തന്നെ കൊടുക്കണം. നിന്റെ വോയിസിന് ഒരു ഐഡന്റിറ്റിയുണ്ട്. അത് വേറെ ആളെ കൊണ്ട് ചെയ്യിച്ച് ലിപ് അനക്കിയാല്‍ നിനക്ക് അത് കിട്ടില്ല. നീ തന്നെ റെക്കോഡ് ചെയ്യണം’ എന്ന് പറഞ്ഞു. അന്ന് മുതല്‍ ചേച്ചി നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Urvashi And Neru Movie

We use cookies to give you the best possible experience. Learn more