| Saturday, 23rd December 2023, 8:09 am

നേര്; ലാലേട്ടനുള്ള സ്‌ക്രീനില്‍ പാസിങ് ഷോട്ട് മതിയായിരുന്നു; പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം നല്‍കിയത് വലിയ അവസരം: രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളിലും താരം സജീവമായിരുന്നു.

എറ്റവും പുതുതായി തിയേറ്ററിലെത്തിയ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ‘നേര്’ സിനിമയിലും രശ്മി അഭിനയിച്ചിട്ടുണ്ട്.

ജീത്തു ജോസഫിനൊപ്പം മുമ്പ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു. കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം സാധിച്ചതിലെ സന്തോഷം പങ്ക് വെക്കുകയാണ് രശ്മി.

‘ഇന്റര്‍വ്യൂകളിലെല്ലാം എല്ലാവരും വന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ആഗ്രഹം, അല്ലെങ്കില്‍ എന്താണ് സ്വപ്നം. നേരത്തെ പറഞ്ഞിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ അഭിനയിക്കുക എന്നതായിരുന്നു.

പിന്നെ മമ്മൂക്കയുടെ കൂടെ തോപ്പില്‍ ജോപ്പനില്‍ അഭിനയിച്ചു. അപ്പോള്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഉള്ള ആഗ്രഹം തീര്‍ന്നു എന്നല്ല. മമ്മൂക്കയെ കാണാനും കൂടെ അഭിനയിക്കാനുമൊക്കെ പറ്റിയപ്പോള്‍ സമാധാനമായി.

പിന്നെയുള്ള ഒരു ആഗ്രഹം അങ്ങനെ അവിടെ ബാക്കി നില്‍ക്കുകയായിരുന്നു. എനിക്ക് ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും അഭിനയിക്കണമായിരുന്നു. ഒരു ഷോട്ടോ ഒരു പാസിങ് ഷോട്ടോ മതിയായിരുന്നു.

അല്ലെങ്കില്‍ ലാലേട്ടന്‍ നില്‍ക്കുന്ന സ്‌ക്രീനില്‍ ഞാന്‍ ആ സൈഡില്‍ കൂടെ ഒന്ന് പോയാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം എനിക്ക് വലിയ അവസരമാണ് ഇപ്പോള്‍ കൊണ്ട് വന്ന് തന്നിരിക്കുന്നത്.

ആ സിനിമയില്‍ അത്ര വലിയ കഥാപാത്രമാണ് ഞാന്‍ ചെയ്തത് എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ലാലേട്ടന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റി. അതിന് ജീത്തു സാറിനോടാണ് ഞാന്‍ നന്ദി പറയുന്നത്,’ രശ്മി അനില്‍ പറയുന്നു.


Content Highlight: Reshmi Anil Talks About Mohanlal And Neru Movie

We use cookies to give you the best possible experience. Learn more