ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
ചിത്രത്തില്‍ ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ രശ്മി അനിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് രശ്മി.
‘ആദ്യം ശാന്തി എന്റെ കഥാപാത്രം സംസാരിക്കുന്ന ഡയലോഗുകള്‍ എഴുതിയിരുന്നത് തിരുവനന്തപുരം ശൈലിയില്‍ ആയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കഥ ആയത് കൊണ്ടായിരുന്നു അത്. അവിടെ ഒരു വീട്ടിലെ ജോലിക്കാരിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്.
അപ്പോള്‍ ഡയലോഗുകള്‍ തിരുവനന്തപുരം ഭാഷയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു. നമുക്ക് പിന്നെ അങ്ങനെയൊന്നും ഇല്ലല്ലോ, ഏത് ഭാഷയായാലും നമുക്ക് എന്ത്. പക്ഷേ ഡയലോഗ് എനിക്ക് കറക്റ്റായിട്ട് വരുന്നത് നമ്മുടെ ശൈലിയില്‍ തന്നെയായിരുന്നു. നമ്മള്‍ കൈകാര്യം ചെയ്യുന്ന ഭാഷയായത് കൊണ്ട് അതായിരുന്നു ഈസി.
അപ്പോള്‍ അതിനിടയില്‍ ലാലേട്ടന്‍ എന്നെ നോക്കിയിട്ട് രശ്മിയുടെ സ്ഥലം എവിടെയാണെന്ന് ചോദിച്ചു. കായകുളത്താണെന്ന് പറഞ്ഞപ്പോള്‍, എങ്കില്‍ പിന്നെ ഓണാട്ടുകര ശൈലി പോരെ, അതല്ലേ നല്ലതെന്ന് ലാലേട്ടന്‍ പറഞ്ഞു.
ലാലേട്ടന്റെ വായില്‍ നിന്ന് ഓണാട്ടുകര ശൈലിയാണ് നല്ലത് എന്നൊക്കെ കേട്ടപ്പോള്‍ വളരെ സന്തോഷമായി. നിങ്ങടെ ശൈലി നല്ലതല്ലേ, അത് തന്നെ മതിയെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ ജീത്തുസാറും അതിന് സമ്മതിച്ചു,’ രശ്മി അനില്‍ പറഞ്ഞു.
അതേസമയം, തുടര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ നേരിന് ആദ്യ ദിനം മുതല്‍ വളരെ മികച്ച അഭിപ്രായമാണ് വരുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാല്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Reshmi Anil Talks About Mohanlal And Neru Movie