| Saturday, 23rd December 2023, 10:45 am

നേര്; കൂടെ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞതും ലാലേട്ടന്റെ മറുപടി ഇതായിരുന്നു; സ്വപ്‌നം പോലെ തോന്നി: രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പരമ്പരകളിലൂടെയും വിവിധ ഹാസ്യപരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളില്‍ മാത്രമല്ല, സിനിമകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ‘തോപ്പില്‍ ജോപ്പന്‍’, ‘ലൈഫ് ഓഫ് ജോസൂട്ടി’ ഉള്‍പ്പെടെയുള്ള സിനിമകളില്‍ താരം ഭാഗമായിരുന്നു.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങി എറ്റവും പുതുതായി തിയേറ്ററിലെത്തിയ ‘നേര്’ സിനിമയിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം സാധിച്ചതിലെ സന്തോഷം പങ്ക് വെക്കുകയാണ് രശ്മി. കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒരു ഷോട്ടോ ഒരു പാസിങ് ഷോട്ടോ മതിയായിരുന്നു. അല്ലെങ്കില്‍ ലാലേട്ടന്‍ നില്‍ക്കുന്ന സ്‌ക്രീനില്‍ ഞാന്‍ ആ സൈഡില്‍ കൂടെ ഒന്ന് പോയാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം എനിക്ക് വലിയ അവസരമാണ് ഇപ്പോള്‍ കൊണ്ട് വന്ന് തന്നിരിക്കുന്നത്.

ആ സിനിമയില്‍ അത്ര വലിയ കഥാപാത്രമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ലാലേട്ടന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റി. അതിന് ജീത്തു സാറിനോടാണ് ഞാന്‍ നന്ദി പറയുന്നത്. ലാലേട്ടന്റെ കൂടെ നിന്നപ്പോള്‍ സ്വപ്നം കാണുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. നമ്മുടെ വീട്ടിലേക്ക് കേസിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ വരുന്ന സീനാണ് അദ്ദേഹവുമായുള്ള ആദ്യ സീന്‍.

അന്നാണ് ആദ്യമായി അദ്ദേഹത്തെ അത്രയും അടുത്ത് കാണുന്നത്. ലാലേട്ടന്‍ നമ്മളെ കണ്ടതും ‘ഹാ ഞാന്‍ കോമഡിയൊക്കെ കാണാറുണ്ട്, ഫാനാണ്, ഇഷ്ടമാണ്’ എന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞ് ലാലേട്ടന്‍ മൂക്കിലെ ഈ മറുക് സിനിമക്ക് വേണ്ടി വെച്ചതാണോ എന്ന് ചോദിച്ചു. (ചിരി)

ആദ്യമൊക്കെ ഞാനോര്‍ത്തത് ലാലേട്ടന്‍ എങ്ങനെയാവും നമ്മളോട് പെരുമാറുക എന്നാണ്. നമ്മളെ കൂളാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോള്‍ നമ്മള്‍ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോളൊക്കെ അങ്ങനെയാണ്. അവര്‍ നമ്മളെ കൂളാക്കും. അതോടെ നമുക്ക് പിന്നെ ഒന്നും പേടിക്കണ്ട ആവശ്യം വരുന്നില്ല.

പിന്നെ ലാലേട്ടനോട് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം എന്നുള്ളതെന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ തിരിച്ച് പറഞ്ഞത്, ‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രശ്മിയുടെ കൂടെ അഭിനയിക്കുക എന്നുള്ളത്’ എന്നാണ്,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Mohanlal

We use cookies to give you the best possible experience. Learn more