|

എന്നെക്കൂടെ ഒന്ന് രക്ഷപെടുത്തുമോയെന്ന് മമ്മൂക്കക്ക് മെസേജിട്ടു; അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പരമ്പരകളിലൂടെയും വിവിധ ഹാസ്യപരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളില്‍ മാത്രമല്ല, സിനിമകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ‘നേര്’, ‘ലൈഫ് ഓഫ് ജോസൂട്ടി’ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ താരം ഭാഗമായിരുന്നു.

മമ്മൂട്ടിയോടൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് രശ്മി. താന്‍ മമ്മൂട്ടിക്ക് ഇടക്ക് മെസേജ് അയക്കാറുണ്ടെന്നും ഒരു തവണ തന്നെക്കൂടെ ഒന്ന് രക്ഷപെടുത്തുമോ എന്ന് ചോദിച്ചിരുന്നെന്നും താരം പറഞ്ഞു.

‘മമ്മൂക്കക്ക് ഞാന്‍ ഇടക്ക് മെസേജ് അയക്കാറുണ്ട്. എന്നുവെച്ചാല്‍ ഞാന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ മെസേജ് അയക്കാറുണ്ടെന്ന് മാത്രം. ഇക്കയുടെ പിറന്നാള്‍ വരുമ്പോള്‍ ഞാന്‍ വീഡിയോ എടുത്ത് അയച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ മമ്മൂക്ക നന്ദി പറഞ്ഞ് മറുപടി അയക്കും.

ഇടക്ക് ഒരു തവണ ഞാന്‍ ഇക്ക എന്നെക്കൂടെ ഒന്ന് രക്ഷപെടുത്തുമോ എന്ന് ചോദിച്ചു കൊണ്ട് മെസേജ് അയച്ചിരുന്നു. ദൈവമേ എന്നായിരുന്നു അതിനുള്ള മറുപടി. അതെന്താണ് മമ്മൂക്ക ദൈവമേ എന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ‘അല്ല രക്ഷപ്പെടുത്താനുള്ള ലിസ്റ്റില്‍ ഒരാള് കൂടെ ആയല്ലോ’ എന്ന് പറഞ്ഞു.

പക്ഷെ അദ്ദേഹം ഇപ്പോള്‍ നോക്കുമ്പോള്‍ ഞാന്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമയിലും സീരിയലിലും ഷോയിലും ഒക്കെയുണ്ട്. ഇനിയിപ്പോള്‍ ഒന്നും ഇല്ലാതെ വീട്ടില്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം വന്ന് രക്ഷപെടുത്തുള്ളൂ. പിന്നെ ഞാന്‍ ഇക്ക എനിക്ക് അയക്കുന്ന മെസേജുകള്‍ ഇടക്ക് സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്,’ രശ്മി അനില്‍ പറഞ്ഞു.

താരത്തിന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ നേര്. ജീത്തു ജോസഫിനൊപ്പം മുമ്പ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു.


Content Highlight: Reshmi Anil Talks About Mammootty’s Reply