|

'എങ്ങനെ എനിക്ക് മമ്മൂക്കയുടെ നമ്പര്‍ കിട്ടിയെന്ന് പറയട്ടെ ഞാന്‍' മമ്മൂട്ടിയുടെ പേഴ്‌സണല്‍ നമ്പറിനെ കുറിച്ച് രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പരമ്പരകളിലൂടെയും വിവിധ ഹാസ്യപരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളില്‍ മാത്രമല്ല, സിനിമകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് രശ്മി.

‘മമ്മൂക്കക്ക് ഞാന്‍ ഇടക്ക് മെസേജ് അയക്കാറുണ്ട്. എന്നുവെച്ചാല്‍ ഞാന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ മെസേജ് അയക്കാറുണ്ടെന്ന് മാത്രം. ഇക്കയുടെ പിറന്നാള്‍ വരുമ്പോള്‍ ഞാന്‍ വീഡിയോ എടുത്ത് അയച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ മമ്മൂക്ക നന്ദി പറഞ്ഞ് മറുപടി അയക്കും.

ഇടക്ക് ഒരു തവണ ഞാന്‍ ഇക്ക എന്നെക്കൂടെ ഒന്ന് രക്ഷപെടുത്തുമോ എന്ന് ചോദിച്ചു കൊണ്ട് മെസേജ് അയച്ചിരുന്നു. ദൈവമേ എന്നായിരുന്നു അതിനുള്ള മറുപടി. അതെന്താണ് മമ്മൂക്ക ദൈവമേ എന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ‘അല്ല രക്ഷപ്പെടുത്താനുള്ള ലിസ്റ്റില്‍ ഒരാള് കൂടെ ആയല്ലോ’ എന്ന് പറഞ്ഞു.

പക്ഷെ അദ്ദേഹം ഇപ്പോള്‍ നോക്കുമ്പോള്‍ ഞാന്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമയിലും സീരിയലിലും ഷോയിലും ഒക്കെയുണ്ട്. ഇനിയിപ്പോള്‍ ഒന്നും ഇല്ലാതെ വീട്ടില്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം വന്ന് രക്ഷപെടുത്തുള്ളൂ. പിന്നെ ഞാന്‍ ഇക്ക എനിക്ക് അയക്കുന്ന മെസേജുകള്‍ ഇടക്ക് സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്. പക്ഷേ അതൊന്നും ആരും വിശ്വസിക്കാറില്ല.

എനിക്ക് എങ്ങനെയാണ് മമ്മൂക്കയുടെ നമ്പര്‍ കിട്ടിയതെന്ന് പറയട്ടെ, ഈ തോപ്പില്‍ ജോപ്പന്‍ സിനിമ കഴിഞ്ഞപ്പോള്‍ മമ്മൂക്കക്ക് വലിയ സ്‌നേഹമായിരുന്നു. അന്ന് കുറേ ഫോട്ടോയൊക്കെ എടുത്തു. ഞാന്‍ അവിടെ ചെന്ന ദിവസമായിരുന്നു എല്ലാ ക്രൂ അംഗങ്ങളും വന്ന് ഫോട്ടോസ് എടുത്തത്. പുള്ളി അതുകൊണ്ട് ഒരുപാട് സന്തോഷത്തിലായിരുന്നു.

അങ്ങനെ ഒരു ദിവസം സീരിയല്‍ ആര്‍ട്ടിസ്റ്റ് ആയ നവീന്‍ എനിക്ക് ഒരു നമ്പര്‍ തന്നിട്ട്, ‘ഇത് മമ്മൂക്കയുടെ നമ്പറാണ്. ഞാന്‍ ഇതില്‍ എത്ര മെസേജ് ഇട്ടെന്നറിയുമോ. പുള്ളി ഒരിക്കലും മറുപടി തരില്ല’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചു നോക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, വെറുതെ രശ്മി നാണം കെടേണ്ട എന്നായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു പന്തയം പോലെയായി.

അതോടെ അവിടെ ആ സീരിയലില്‍ അഭിനയിക്കുന്നവരൊക്കെ ചുറ്റും കൂടി. രശ്മിക്ക് അത്രയും ഉറപ്പുണ്ടെങ്കില്‍ മമ്മൂക്കക്ക് മെസേജ് അയച്ചു നോക്കെന്ന് അവരും പറഞ്ഞു. അപ്പോള്‍ ഞാന്‍ ‘ഹായ് മമ്മൂക്ക നമസ്‌ക്കാരം. ഞാന്‍ രശ്മിയാണ്. ഓര്‍മ്മയുണ്ടോ. ഞാന്‍ കോമഡിയിലൊക്കെയുണ്ട്’ എന്ന് പറഞ്ഞ് ഇക്കയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ എടുത്ത് അങ്ങോട്ട് അയച്ചു.

പുള്ളിക്ക് പെട്ടെന്ന് പറഞ്ഞാല്‍ മനസിലായില്ലെങ്കിലോ എന്ന് കരുതിയായിരുന്നു ഫോട്ടോ അയച്ചത്. എന്നാല്‍ ഫോട്ടോ അയച്ചതും ഉടനെ ഇങ്ങോട്ട് ഒരു സ്‌മൈലി തിരിച്ചയച്ചു. അതോടെ എല്ലാവരും കയ്യടിയും ബഹളവും ആയി,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Mammootty’s Personal Number