| Thursday, 28th December 2023, 6:26 pm

ഞാന്‍ മമ്മൂക്കക്ക് ഫ്‌ളൈറ്റില്‍ വെച്ച് മെസേജയച്ച കാര്യം ഇക്ക പറഞ്ഞിട്ട് പോലും അവര്‍ വിശ്വസിച്ചില്ല: രശ്മി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് രശ്മി അനില്‍. ടെലിവിഷന്‍ പരമ്പരകളിലും താരം സജീവമായിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള തന്റെ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് രശ്മി.

‘മുംബൈയില്‍ ഒരിക്കല്‍ ഒരു ഷോ ഉണ്ടായിരുന്നു. അതിന് വേണ്ടി ഞാനും നമ്മുടെ കൂടെയുള്ള സുമേഷും രാജേഷേട്ടനും അജിത്തണ്ണനും ഒരുമിച്ചാണ് പോയത്. അന്ന് എല്ലാവരും മമ്മൂക്കയും ഷോയിലുണ്ടെന്ന് പറഞ്ഞു. ഇക്ക അവിടെ ഒരു റൂമില്‍ ഇരിപ്പുണ്ടെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും പറഞ്ഞത്, മമ്മൂക്ക ഈ ഫ്‌ളൈറ്റിലാകില്ലെന്നായിരുന്നു. കാരണം, അത് ഡൊമസ്റ്റിക് ഫ്‌ളൈറ്റായിരുന്നു. പിന്നെ നമ്മളുടെ കൂടെ എന്തായാലും വരില്ല. (ചിരി)

മമ്മൂക്ക എന്തായാലും ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിലാകും വരുന്നതെന്നും ചിലപ്പോള്‍ അവിടെ വെറുതെയിരിക്കുന്നതാകുമെന്നും എല്ലാവരും പറഞ്ഞു. പക്ഷെ ആ ഫ്‌ളൈറ്റില്‍ കയറുന്നത് കൊണ്ടാകില്ലേ അവിടെ വന്നിരിക്കുതെന്ന സംശയമായിരുന്നു എനിക്ക്. ഞാന്‍ നോക്കുമ്പോള്‍ മുമ്പിലുള്ള സീറ്റുകളില്‍ ചിലത് ഒഴിഞ്ഞു കിടക്കുകയാണ്. പിന്നെ കുറച്ച് കഴിഞ്ഞതും ഒരാള്‍ കയറി വരുന്നത് കണ്ടു.

മമ്മൂക്കയും പിഷാരടിയും കൂടെയാണ് അങ്ങോട്ട് കയറി വന്നത്. അതോടെ എല്ലാവരും ഇക്കയെ കാണാന്‍ പോകുന്ന കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പെട്ടെന്ന് ഫോണെടുത്ത്, മമ്മൂക്കയോട് ഞാന്‍ ആ ഫ്‌ളൈറ്റില്‍ പിന്നിലിരിപ്പുണ്ടെന്നും ഷോയില്‍ ഞാനുമുണ്ടെന്നും മെസേജിട്ടു. പെട്ടെന്ന് തന്നെ ആ മെസേജ് സീന്‍ ചെയ്തെന്ന് എനിക്ക് മനസിലായി. പക്ഷേ ഇക്ക മറുപടിയൊന്നും തന്നില്ല.

ഇക്കക്ക് ബുദ്ധിമുട്ട് ആകരുതല്ലോ എന്ന് കരുതി രണ്ടുപേര്‍ രണ്ടുപേരായിട്ടാണ് ഫോട്ടോ എടുക്കാന്‍ പോയത്. ആദ്യം രാജേഷേട്ടനും അജിത്തണ്ണനും പിഷാരടിയുടെ കൂടെ പോയി. ഇവര്‍ ചെന്നതും നിങ്ങള്‍ ഇതിലുള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. അതെങ്ങനെ ആണെന്ന് അവര്‍ ചോദിച്ചതും രശ്മി മെസേജ് ഇട്ടിരുന്നെന്ന് മമ്മൂക്ക മറുപടി പറഞ്ഞു. അത് കേട്ടതും രാജേഷേട്ടന്‍ നമ്മുടെ രശ്മിയോയെന്നാണ് ചോദിച്ചത്.

‘അതേ, കോമഡിയിലൊക്കെയുള്ള രശ്മിയില്ലേ, അവളെനിക്ക് മെസേജ് അയച്ചിരുന്നു’ എന്ന് ഇക്ക പറഞ്ഞു. രാജേഷേട്ടന്‍ അപ്പോഴും വിശ്വാസം വരാതെ രശ്മി തന്നെയാണോ എന്ന് മമ്മൂക്കയോട് ചോദിച്ചു. ഞാന്‍ മെസേജ് അയച്ചെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആകെ സംശയമായി, അതും മമ്മൂക്കക്ക്. അത് കഴിഞ്ഞ് ഞാനും സുമേഷും കൂടെ ഫോട്ടോസ് എടുക്കാന്‍ പോയതും, നീ എനിക്ക് മെസേജ് ഇട്ടെന്ന് പറഞ്ഞിട്ട് ഇവര്‍ ആരും വിശ്വസിക്കുന്നില്ല എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: reshmi anil talks about mammootty

We use cookies to give you the best possible experience. Learn more