ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് നേര്. ഈ ചിത്രത്തില്‍ ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ രശ്മി അനിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ജീത്തു ജോസഫിനൊപ്പം മുമ്പ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു. കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സംവിധായകന്‍ ജീത്തു ജോസഫിന് മെസേജ് അയച്ചതിനെ കുറിച്ചും മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കല്‍ തന്നെ വിളിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് രശ്മി.
‘ജീവിതത്തില്‍ ഇങ്ങനെ ഒരു നിമിഷം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ജീത്തു സാര്‍ ഈ സിനിമ എടുക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ സാറിനെ അധികം ബുദ്ധിമുട്ടിക്കാറില്ല. ലൈഫ് ഓഫ് ജോസൂട്ടി സിനിമക്ക് ശേഷം സാറിന്റെ സിനിമയിലേക്കൊന്നും എന്നെ വിളിച്ചിട്ടില്ല.
അപ്പോള്‍ ഞാന്‍ ഇടക്ക് ഒരു ദിവസം വെറുതെ ഇരുന്നപ്പോള്‍ സാറിന് ഒരു മെസേജ് അയച്ചു. ചിലപ്പോള്‍ അതിനാകും നിമിത്തം എന്നൊക്കെ പറയുന്നത്. ‘സാറേ അടുത്ത സിനിമയില്‍ എനിക്ക് ഒരു വേഷം തരണം കേട്ടോ’ എന്നായിരുന്നു മെസേജിട്ടത്.
അപ്പോള്‍ സാറിന്റെ മറുപടി വന്നു, ‘ഓക്കേടാ നോക്കാം’ എന്ന്. ഉടനെ റിപ്ലൈ വന്നതും ഞാന്‍ ഞെട്ടി. സാര്‍ ഒക്കേയെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് ഒരു കഥാപാത്രം അതില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞ് ഞാന്‍ തിരിച്ചും ഒരു വോയിസ് നോട്ട് ഇട്ടു.
അതുകഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കലാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അദ്ദേഹത്തിന്റെയൊക്കെ പേര് നമ്മള്‍ ഇവിടെ വന്ന നാള്‍ തൊട്ട് കേള്‍ക്കുന്നതാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കല്‍, ലാലേട്ടന്റെ എല്ലാ സിനിമകളും ചെയ്യുന്ന കണ്ട്രോളര്‍ എന്നൊക്കെ.
ഒരുദിവസം അദ്ദേഹം എനിക്ക് ഒരു വോയിസ് നോട്ടിട്ടു. ‘രശ്മിയെ വിളിച്ചിട്ട് കിട്ടുന്നില്ല. രശ്മി ഒന്ന് തിരിച്ച് വിളിക്കണം. ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കലാണ്. ആശിര്‍വാദ് സിനിമാസില്‍ നിന്നാണ്,’ എന്നായിരുന്നു ആ വോയിസ് നോട്ട്.
അയ്യോ, ആശിര്‍വാദ് സിനിമാസ് എന്ന് കേട്ടതും എന്റെ തലകറങ്ങി. പെട്ടെന്ന് തന്നെ ഞാന്‍ ആളെ വിളിച്ചു. കാര്യം ചോദിച്ചപ്പോള്‍ ജീത്തു സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ഒരു പത്ത് പന്ത്രണ്ട് ദിവസത്തെ ഡേറ്റ് പറഞ്ഞിട്ട് ആ ഡേറ്റില്‍ രശ്മി ഒക്കെയാണോ എന്ന് ചോദിച്ചു. അതിലിപ്പോള്‍ ചോദിക്കാന്‍ എന്തിരിക്കുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. എടുത്തോ ഡേറ്റ് എന്ന്. (ചിരി) എന്തായാലും ലാലേട്ടന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി,’ രശ്മി അനില്‍ പറഞ്ഞു.
Content Highlight: Reshmi Anil Talks About Jeethu Joseph And Sidhu Panakkal