Film News
അദ്ദേഹത്തിന്റെ മനസിലിടം കിട്ടുന്നത് വലിയ കാര്യമാണ്; നേരിന് ശേഷം എനിക്ക് വേണ്ടി എഴുതുമെന്ന് പറഞ്ഞു: രശ്മി അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 25, 02:48 am
Monday, 25th December 2023, 8:18 am

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമായിരുന്നു നേര്. കോര്‍ട്ട് റൂം ഡ്രാമയായ ചിത്രം ഡിസംബര്‍ 21നായിരുന്നു റിലീസിനെത്തിയത്. നേരില്‍ ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ രശ്മി അനില്‍ സീമയെന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ജീത്തു ജോസഫിനൊപ്പം മുമ്പ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് രശ്മി.

ജീത്തു ജോസഫ് എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന ആളാണെന്നും അദ്ദേഹം തന്റെ ആരാണെന്നറിയില്ലെന്നും താരം പറയുന്നു. നേര് സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് പോകുമ്പോള്‍ തനിക്ക് നല്ല ഒരു കഥാപാത്രം തരാന്‍ ഇതുവരെ പറ്റിയിട്ടില്ലെന്നും തനിക്ക് വേണ്ടി നല്ല ഒരു കഥാപാത്രം തരുമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നതായും രശ്മി പറഞ്ഞു.

നടി കൃഷ്ണപ്രഭയുടെ കാര്യവും പറഞ്ഞിരുന്നതായും തങ്ങള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും അത്തരത്തില്‍ അദ്ദേഹത്തിന്റെ മനസില്‍ ഇടം ലഭിക്കുകയെന്നത് വലിയ കാര്യമാണെന്നും രശ്മി പറയുന്നു.

‘ജീത്തു ചേട്ടന്‍ നമ്മളെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം എനിക്ക് ആരാണെന്ന് എനിക്കറിയില്ല. എന്റെ മൂത്ത ജേഷ്ഠനാണോയെന്നും അറിയില്ല. അദ്ദേഹത്തോട് വല്ലാത്ത ഒരു ബഹുമാനവും സ്‌നേഹവുമൊക്കെയാണ്. ഇപ്പോള്‍ നേര് സിനിമ കഴിഞ്ഞ് പോകുമ്പോഴും എന്നോട് പറയുന്നത്, രശ്മിക്ക് നല്ല ഒരു കഥാപാത്രം തരാന്‍ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല.

രശ്മിക്ക് ഞാന്‍ പക്ഷേ നല്ല ഒരു കഥാപാത്രം ഇനി തരും, രശ്മിക്ക് വേണ്ടി ഞാന്‍ എഴുതും എന്നാണ്. എന്റെ കാര്യവും കൃഷ്ണപ്രഭയുടെ കാര്യവും പറഞ്ഞു. നിങ്ങള്‍ രണ്ടുപേരും എന്റെ മനസിലുണ്ട്. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും നല്ല കഥാപാത്രത്തെ തരും. അദ്ദേഹത്തിന്റെ മനസില്‍ ഇടം കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Jeethu Joseph