‘നിങ്ങള്‍ അനുഭവിക്കാത്ത ജീവിതങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് വെറും കെട്ടുകഥകള്‍ ആണ്’
പാതി രാത്രി വീട്ടിനകത്ത്, ഒരു പോള കണ്ണ് അടക്കാതെ, കുഞ്ഞ് മക്കളേം
കെട്ടി പിടിച്ചോണ്ട് ആധിയില്‍ വേവുന്ന
പാവം മനുഷ്യരെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
2005ന് ശേഷം ചിന്നക്കനാല്‍- ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴ് പേരെ കൊന്നത് ‘അരിക്കൊമ്പന്‍ ‘ എന്ന് പേരിട്ടിരിക്കുന്ന
ആനയാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങള്‍ തകര്‍ത്തു. 2017ല്‍ മാത്രം തകര്‍ത്തത് 52 വീടുകളും കടകളും ആണ്.
ഒരു കൊലയാളി ആനയുടെ കഥകള്‍ റൊമാന്റിസൈസ് ചെയ്ത് പലയിടത്തും നിറയുന്നുണ്ട്. മഴ നനഞ്ഞും മണ്ണുവാരിയും ഉല്ലസിക്കുന്നവന്‍. തള്ളയാന ചെരിഞ്ഞിടത്ത് ആണ്ടുബലിക്ക് മുടങ്ങാതെ വരുന്നവന്‍ എന്നെല്ലാം. ഭാവനകള്‍ മതികെട്ടാന്‍
മലകളില്‍ നിന്നെ പോലെ പ്രവഹിക്കുകയാണ്.
കുറച്ച് മനുഷ്യരിങ്ങനെ അവരുടെ ജീവല്‍ പ്രശ്‌നത്തില്‍ നീറി ജീവിക്കുമ്പോള്‍ നിങ്ങളുടെ ഏത് തിയറിയും അങ്ങേയറ്റം ബാലിശം ആണ്. സഹജീവികളോട് നിങ്ങള്‍ കാട്ടാത്ത എന്ത് കരുതലും സ്‌നേഹവും അനുകമ്പയും ആണ് നിങ്ങള്‍ ഒരു മൃഗത്തോട് കാട്ടുന്നത്? വര്‍ഗ സ്‌നേഹം ഇല്ലാത്ത നിങ്ങളുടേത് വെറും കാപട്യമാണ്.
ദിവസകൂലിക്ക് വേല ചെയ്യുന്ന, ഏല തോട്ടത്തിലും തേയില തോട്ടത്തിലും പണിക്ക് പോവുന്ന അന്നത്തെ അന്നത്തിന് വക തേടുന്ന പാവം മനുഷ്യര്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും യാതൊരു പ്രിവിലേജും ഉണ്ടാകില്ല.
ഇതൊരു ജീവല്‍ പ്രശ്‌നം, ആണെന്ന് നിങ്ങള്‍ക്ക് തോന്നണമെങ്കില്‍
പ്രിവിലേജ് കിട്ടണമെങ്കില്‍, ഈ പ്രശ്‌നം അനുഭവിക്കുന്ന മനുഷ്യര്‍ നഗരവാസികള്‍
ആകണോ?
ഇടുക്കിയില്‍ ആണ് വീടെന്ന് പറയുമ്പോ, കാട്ടില്‍ ആണല്ലേ എന്നും ചോദിച്ച് ഊറി ചിരിക്കുന്ന ‘നഗര ‘ വാസികളായ സുഹൃത്തുക്കളെ ഈ കാലത്തിനിടയില്‍ ഒരുപാട് കണ്ടിട്ടുണ്ട്.
വല്യമ്മച്ചിയും ചാച്ചനും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്, കല്ലാര്‍ വന്നതും കാട് വെട്ടി തെളിച്ചതും പട്ടം കോളനി ഉണ്ടായതും ആനയേം കരടിയേം കാട്ടുപന്നിയേം ഒക്കെ ഓടിച്ച് മല്ലിട്ട് പണി എടുത്ത് ചോര നീരാക്കി പൂര്‍വികര്‍ കെട്ടി പൊക്കിയ ജീവിതത്തെക്കുറിച്ച്.
അങ്ങനെ ഇക്കാലമത്രയും പടവെട്ടി ജീവിച്ച മനുഷ്യരുടെടെ ജീവിത കഥകള്‍ ഒരുപാട് ഉണ്ട് ഇടുക്കിയില്‍. ആ മണ്ണില്‍ സ്വസ്ഥമായി ആധിയില്ലാതെ
അവര്‍ക്ക് ഉറങ്ങണം. ആരുടേയും ഔദാര്യമല്ലത് അവകാശമാണ്. കൊലയാളി ആനയുടെ ആക്രമണത്തിന് ഇരയായി ജീവിക്കുന്ന മനുഷ്യര്‍ക്ക്, എന്റെ നാട്ടുകാര്‍ക്ക്
നിരുപാധിക പിന്തുണ.
Content Highlight: Reshma Suresh Gopal’s write up about Arikkomban issue