സംഘപരിവാറിന്റെ പ്രചരണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി രേഷ്മ നിശാന്ത്
Sabarimala
സംഘപരിവാറിന്റെ പ്രചരണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി രേഷ്മ നിശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 2:43 pm

 

കൊച്ചി: ശബരിമലയിലേക്ക് പോകാനായി മുന്നോട്ടുവന്ന തനിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്. വിശ്വാസിയല്ലെന്നും പബ്ലിസിറ്റിക്കുവേണ്ടിയാണ് മാലയിട്ടതെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ക്കാണ് രേഷ്മ മറുപടി നല്‍കുന്നത്.

12 വര്‍ഷമായി തുടര്‍ച്ചയായി മണ്ഡല വ്രതം അനുഷ്ഠിക്കുന്ന വ്യക്തിയാണ് താന്‍. സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടായതുകൊണ്ടാണ് ഇത്തവണ മാലയിട്ട് കറുപ്പുടുത്ത് വ്രതം നോറ്റ് അയ്യപ്പനെ കാണാന്‍ പോകാന്‍ തീരുമാനിച്ചത്. താന്‍ വിശ്വാസിയാണെന്ന കാര്യം തന്നെ അറിയാവുന്നവര്‍ക്കെല്ലാം വ്യക്തമായി അറിയാവുന്നതാണ്. ഏതൊരു യാത്രപോകുമ്പോഴും അവിടെയുള്ള ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിക്കുന്ന ആളാണ് താനെന്നും രേഷ്മ നിശാന്ത് പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Also Read:അയ്യപ്പനെ കാണുന്നതുവരെ മാലയൂരില്ല; വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടെ പോകാനാണ് ആഗ്രഹം: കൊച്ചിയിലെത്തിയ യുവതികള്‍

ശബരിമലയിലേക്ക് പോകാനായി മാലയിട്ടതിനു പിന്നാലെ അയ്യപ്പ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് അധികാരികള്‍ക്ക് കത്തയച്ചിരുന്നു. ഒരു തരത്തിലുള്ള മറുപടിയും ലഭിച്ചില്ല. ഇതോടെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പരസ്യമാക്കേണ്ടി വന്നതെന്നും രേഷ്മ വ്യക്തമാക്കി. പലപ്പോഴും നിറകണ്ണുകളോടെ വികാരാധീനയായിക്കൊണ്ടായിരുന്നു രേഷ്മ സംസാരിച്ചത്.

രേഷ്മയുടെ വാക്കുകള്‍:

12ാമത്തെ വര്‍ഷമാണ് ഞാന്‍ മണ്ഡലവ്രതം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷവും മണ്ഡലവ്രതം അനുഷ്ഠിക്കുമ്പോള്‍ എനിക്ക് കൃത്യമായി ബോധ്യമുണ്ട് എനിക്ക് ശബരിമലയില്‍ പോയി അയ്യപ്പ ദര്‍ശനം സാധ്യമാകില്ലയെന്ന്. പക്ഷേ ഇത്തവണ സുപ്രീം കോടതിയുടെ വിധി കൂടെയുള്ളതുകൊണ്ട്… വിധി വന്നപ്പോള്‍ തന്നെ എന്നെ എതിര്‍ക്കുന്ന, വിധിയെ ഇന്ന് എതിര്‍ക്കുന്ന മുഴുവന്‍ ആള്‍ക്കാരും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയെ ആദ്യം സ്വാഗതം ചെയ്ത ആള്‍ക്കാരാണ്. അതുകൊണ്ടുതന്നെ യുവതീ പ്രവേശനം എന്നു പറയുന്നത് ഏറ്റവും നല്ലരീതിയില്‍ സാധ്യമാകും എന്ന വിശ്വാസത്തോടുകൂടിയാണ് ഞാന്‍ മാലയിട്ടത്. 41 ദിവസം മാലയിട്ട് കറുപ്പുടുത്ത് വ്രതമെടുത്തത് ആദ്യമായാണ്.

ഇവിടെ ഇരിക്കുന്ന ആള്‍ക്കാര്‍ മാത്രമല്ല, കുറച്ചധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. മാലയിട്ടതിന്റെ പേരില്‍ സ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കപ്പെട്ട അവസ്ഥയാണ് എനിക്ക്. വീട്ടില്‍ നിന്നും ഒരാവശ്യത്തിനു പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പുറത്തിറങ്ങി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തവരികയാണ് രേഷ്മ നിശാന്ത് ശബരിമലയിലേക്കെന്ന്. എന്താണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നതെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം മറ്റുള്ളവരിലേക്കും കൂടി പടര്‍ത്തേണ്ട എന്നതുകൊണ്ടുതന്നെയാണ് ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തത്.

ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്നല്ല ഞാന്‍ വ്രതം അനുഷ്ഠിക്കാന്‍ വേണ്ടി ശ്രമിച്ചത്. വ്രതം കുറേ നാളുകള്‍ക്ക് മുമ്പു തന്നെ തുടങ്ങിയിരുന്നു. വ്രതം തുടങ്ങിയ നാളു മുതല്‍ തന്നെ ശബരിമലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് മേലധികാരികള്‍ക്ക് കത്തയച്ചിരുന്നു. ഒരുതരത്തിലുള്ള മറുപടിയും ഒരാളുടെ അടുത്തുനിന്നും കിട്ടാത്തതു കാരണമാണ് അങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നത്.

ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. എന്നിട്ടുകൂടിയും ഇങ്ങനെയൊരു കാര്യവുമായി മുന്നോട്ടുപോകുന്നത് ഇനി വരുന്നയാളുകളില്‍, എനിക്കൊരു മകളാണ്, എന്റെ മകളടക്കമുള്ള വരുംതലമുറയിലെ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശം സാധ്യമാകും എന്നുള്ള വിശ്വാസത്തിന്റെ പുറത്താണ്.

Also Read:അന്ന് അക്രമം നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ തന്നെയാണ് ഇന്നലെയും പ്രശനമുണ്ടാക്കിയത്

ഇന്നോ ഇന്നലെയോ വിശ്വാസിയായിട്ടുള്ള ഒരാളല്ല ഞാന്‍. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് അത്. ഏതൊരു യാത്ര ഞാന്‍ ചെയ്യുമ്പോഴും അതിന് അടുത്തുള്ള അമ്പലങ്ങളില്‍ കണ്ടെത്തുകയും അവിടെ പോകുകയും ചെയ്യുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ മാലിയിട്ടത്.

മറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുന്നില്ല. കാരണം മാലയിട്ട് കഴിഞ്ഞാല്‍ പ്രതികൂലമായ സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ പ്രതികരിക്കാത്തത്.