Kerala News
സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; കേന്ദ്രത്തില്‍ പ്രത്യേക അടയാളം, ഓണ്‍ലൈനായും നേരിട്ടും ബുക്കിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 09, 05:06 pm
Sunday, 9th January 2022, 10:36 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍(ജനുവരി 10) ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്.

18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് കഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.

60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടതാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലതെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കില്‍ കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.

കരുതല്‍ ഡോസ് എങ്ങനെ ബുക്കുചെയ്യാം

കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തേ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രികോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂള്‍ പ്രികോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം.

CONTENT HIGHLIGHTS: reserve vaccination in the state from Monday